kundara-maram
കുണ്ടറ റെയിൽവേ സ്റ്റേഷന് മുന്നിലെ മരം കടപുഴകി വൈദ്യുതി ലൈനുകൾക്ക് മുകളിലേക്ക് മറിഞ്ഞ നിലയിൽ

കുണ്ടറ: രണ്ട് ദിവസമായി കുണ്ടറയിലും പരിസര പ്രദേശങ്ങളിലും വീശിയടിച്ച കാറ്റിൽ ഇരുപതിലധികം മരങ്ങൾ കടപുഴകി. അപകടങ്ങളെല്ലാം രാത്രി വൈകിയായതിനാൽ ദുരന്തമൊഴിവായി. മിക്ക സ്ഥലങ്ങളിലും വൈദ്യുതി ഇനിയും പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. പലയിടത്തും 48 മണിക്കൂറോളം വൈദ്യുതി മുടങ്ങി. മണിക്കൂറുകളോളം ഗതാഗതവും തടസപ്പെട്ടു.

വെള്ളിയാഴ്ച വെളുപ്പിന് 1.45ഓടെ കുണ്ടറ റെയിൽവേ സ്‌റ്റേഷന് മുന്നിൽ നിന്ന കൂറ്റൻ തണൽമരം 11 കെ.വി ലൈനുകൾക്ക് മുകളിലേക്ക് വീണു. കുണ്ടറ അഗ്നിശമന സേനാംഗങ്ങൾ രാത്രി മുഴുവൻ നീണ്ട പരിശ്രമത്തിനൊടുവിലാണ് റോഡിലേക്ക് കിടന്ന ശിഖരങ്ങൾ മുറിച്ചുമാറ്റിയത്.

വെളുപ്പിന് മൂന്നോടെ മരങ്ങൾ മുറിക്കുന്നതിനിടയിലേക്ക് കാർ പാഞ്ഞെത്തിയത് ആശങ്കയുണ്ടാക്കി. കാറിലുണ്ടായിരുന്നവരെ പൊലീസ് പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചു.

കേടുവന്ന മരങ്ങളാണ് കൂടുതലും വീണത്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് ഇവ മുറിച്ചു മാറ്റിയിരുന്നെങ്കിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.