shilpa

ഓടനാവട്ടം: സ്വപ്നങ്ങളെ കീഴ്പ്പെടുത്താൻ ശ്രമിച്ച രോഗത്തിന് വഴങ്ങാതെ വാശിയോടെ പഠിച്ച ശില്പയെന്ന കൊച്ചുമിടുക്കി ഒടുവിൽ യാത്രയായി. കാൻസർ ചികിത്സയ്ക്കൊപ്പം പഠനവും തുടർന്ന ശില്പയുടെ നിര്യാണം നാടിനാകെ നൊമ്പരമായി.

വെളിയം പഞ്ചായത്തിലെ മുട്ടറ മാവേലിക്കോണത്ത് വീട്ടിൽ കൂലിപ്പണിക്കാരാനായ ജയകുമാറിന്റെയും ബിന്ദുവിന്റെയും മകളായ ശില്പ ജയകുമാറിന് (17) പത്താം ക്ളാസിൽ പഠിക്കുമ്പോഴാണ് കാൻസർ പിടിപെടുന്നത്. തിരുവനന്തപുരം ആർ.സി.സിയിലെ ചികിത്സയോടൊപ്പം മനസ് പതറാതെ പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ മുട്ടറ ഗവ. സ്കൂളിലെ മിടുമിടുക്കിയായ വിദ്യാർത്ഥിക്ക് കഴിഞ്ഞു. ആറ് എ പ്ളസുകളോടെ പത്താം ക്ളാസ് വിജയം കരസ്ഥമാക്കി. ഹയർ സെക്കൻഡറി പഠനത്തിന് ചേർന്ന് പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും ഉത്സാഹവതിയായിരുന്നപ്പോഴാണ് കാൻസർ വീണ്ടും കീഴ്പ്പെടുത്തിയത്.

ഡോക്ടർമാർ മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ചു. കൂലിപ്പണിക്കാരനായ ജയകുമാറിന് മകളെ ചികിത്സിക്കാൻ സഹായവുമായി നിരവധി സുമനസുകൾ എത്തിയതോടെ വെല്ലൂർ സി.എം.എസ് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയും നടത്തി. വീണ്ടും ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനിടെ കഴിഞ്ഞദിവസം പകൽ രണ്ടോടെ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജിൽ എല്ലാവരെയും വിട്ടുപിരിഞ്ഞ് ശില്പ യാത്രയായി. ആറാം ക്ളാസ് വിദ്യാർത്ഥിനിയായ ശിവ ജയകുമാറാണ് സഹോദരി.