bijulal

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിലെ പ്രതിയും സീനിയർ അക്കൗണ്ടന്റുമായിരുന്ന ബിജുലാൽ തുടക്കത്തിൽ മൊബൈൽ ഫോണിൽ തമാശയ്ക്ക് തുടങ്ങിയതാണ് ഓൺലൈൻ ചീട്ടുകളി. പിന്നെയത് ക്രേസായി. ജോലി കഴിഞ്ഞെത്തിയാലുടൻ ഊണും ഉറക്കവുമില്ലാതെ വീട്ടിൽ മൊബൈൽ ഫോണിൽ ചീട്ടുകളിയിൽ മുഴുകി. ചൂതാട്ടം തലയ്ക്കുപിടിച്ചപ്പോൾ കളിക്ക് കാശിനായി സ്വന്തം ഓഫീസിൽതന്നെ വെട്ടിപ്പ് നടത്താനും ബിജുലാലിന് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല. കളിയിൽ ചീട്ട് ഇറക്കുന്നതുപോലെ പിന്നീട് ഓരോ നീക്കവും സൂക്ഷ്മതയോടെയായിരുന്നു. പരീക്ഷണം വിജയിച്ചതോടെ വലിയ തുകകൾ വെട്ടിച്ചുതുടങ്ങി. ഒരിക്കലും പിടിക്കപ്പെടില്ലെന്ന തോന്നലിൽ ലക്ഷങ്ങളിൽ നിന്ന് കോടികളിലേക്ക് കടന്നു. പക്ഷേ, ഏത് കള്ളനെയും കുടുക്കാൻ പോന്ന ഒരു തെളിവ് അവശേഷിക്കും എന്ന് പറയുന്നതുപോലെ നടത്തിയ തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തുവന്നപ്പോൾ ബിജുലാൽ അഴിക്കുള്ളിലായി.

തുടക്കം ഒരുകൊല്ലം മുമ്പ്

കഷ്ടിച്ച് ഒരുവർഷം മുമ്പാണ് ബിജുലാൽ ഓൺലൈൻ റമ്മികളിയിൽ ആകൃഷ്ടനായത്. തുടക്കക്കാരനായിരുന്നപ്പോൾ ചീട്ടുകളിയിൽ നിന്ന് ഇടയ്ക്കിടെ പണം ലഭിച്ചതാണ് കളിയിൽ കൂടുതൽ തത്പരനാക്കിയത്. ആയിരങ്ങൾ വാതുവച്ചുള്ള കളിയിൽ വാശിയ്ക്കൊപ്പം പണത്തിന്റെ തോതും കൂടിയപ്പോൾ ബിജുലാലിന്റെ കീശ കാലിയായി തുടങ്ങി. നഷ്ടപ്പെട്ടതെല്ലാം ചീട്ടുകളിയിലൂടെ തന്നെ തിരിച്ചുപിടിക്കണമെന്ന മോഹം ഉള്ളിലുദിച്ചു. അതിനായി ആദ്യം ഓഫീസിൽ നിന്ന് സഹപ്രവർത്തകന്റെ 65,000 രൂപ അപഹരിച്ചു. അത് പിടിക്കപ്പെട്ടപ്പോൾ ഓഫീസിലെ അക്കൗണ്ടിൽ തന്നെ കൈവച്ചു. അങ്ങനെയാണ് 2.70 കോടി അടിച്ചുമാറ്റിയത്. തന്റെയും ഭാര്യയുടെയും സഹോദരിയുടെയും പേരിലുള്ള ബാങ്ക് നിക്ഷേപവും സ്വർണവും വസ്തുവകകളുമുൾപ്പെടെ രണ്ട് കോടിയോളം രൂപ ക്രൈംബ്രാഞ്ച് ഇതിനോടകം കണ്ടെത്തിയെങ്കിലും റമ്മി കളിച്ച് 70 ലക്ഷം രൂപ കളഞ്ഞുകുളിച്ചു.

ഒരു മാസത്തിനിടെ 10 ലക്ഷം

തുടക്കത്തിൽ ഒരു ഓൺലൈൻ റമ്മിസൈറ്റിലായിരുന്നു ബിജുലാലിന്റെ കളി. ഓഫീസിൽ നിന്നെത്തിയാലുടൻ നട്ടപ്പാതിരവരെ കളി നീളാൻ തുടങ്ങിയതോടെ സൈറ്റുകളുടെ എണ്ണം കൂടി. മൂന്ന് ഓൺലൈൻ സൈറ്റുകളാണ് ബിജുലാൽ റമ്മികളിക്കായി ഉപയോഗിച്ചത്. ജോലികഴിഞ്ഞെത്തിയാൽ മൊബൈലും കുത്തിപ്പിടിച്ചുളള ബിജുലാലിന്റെ ഇരിപ്പ് പലപ്പോഴും വീട്ടിൽ വഴക്കിനിടയാക്കിയിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്ത് ഓഫീസുകൾ അടഞ്ഞതോടെ റമ്മി സൈറ്റുകളിൽ ബിജുലാൽ രാവും പകലും മുഴുകി. ഇതിൽ ഒരു സൈറ്റിൽ കഴിഞ്ഞ ഒരുമാസത്തിനകം പത്ത് ലക്ഷം രൂപയ്ക്കാണ് ബിജുലാൽ ചീട്ടെറിഞ്ഞത്. മറ്റ് സൈറ്റുകളിലും സമാനമായ നിലയിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നതെങ്കിലും കണക്കുകൾ പൊലീസ് ശേഖരിച്ചുവരുന്നതേയുള്ളൂ.

തന്റെ അക്കൗണ്ടിലുണ്ടായിരുന്ന പണമെല്ലാം കാലിയായപ്പോൾ ഹൈസ്കൂളിലെ സീനിയർ അസിസ്റ്റന്റായ ഭാര്യയുടെ അക്കൗണ്ടും ബിജുലാലിന്റെ കൈകാര്യത്തിലായി. ഭാര്യയുടെ ശമ്പളമുൾപ്പെടെ എല്ലാം ബിജുലാൽ തന്നെ കൈകാര്യം ചെയ്യാൻ തുടങ്ങിയതിനാൽ അക്കൗണ്ടിലെ വരവ് ചെലവുകളൊന്നും ഭാര്യയ്ക്കും അറിയാൻ കഴിഞ്ഞിരുന്നില്ലെന്നാണ് ബിജുലാലിന്റെ മൊഴി. ഭാര്യയെ ചോദ്യം ചെയ്യുന്നതോടെ ഇതിൽ വ്യക്തത വരും.

സ്വർണമാല, കൊലുസ്, വള

ചീട്ടുകളി കുടുംബ കലഹത്തിന് കാരണമായതോടെ ഭാര്യയെ വരുതിയിലാക്കാൻ സ്വർണമാലയും ഒരു ജോഡി കൊലുസും വളകളുമുൾപ്പെടെ രണ്ടരലക്ഷത്തിന്റെ ആഭരണങ്ങൾ വാങ്ങി നൽകിയിരുന്നു. റമ്മി കളിയിൽ ലഭിച്ച പണമാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഭാര്യയുടെയും സഹോദരിയുടെയും അക്കൗണ്ടുകളിൽ നടത്തിയ നിക്ഷേപങ്ങളും ചീട്ടുകളിയിലെ വരുമാനമായാണ് അവരെ ധരിപ്പിച്ചിരുന്നത്. ട്രഷറി അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ കവർന്ന കേസിൽ പിടിക്കപ്പെട്ടപ്പോഴാണ് ബിജുലാലിന്റെ ചൂതുകളിഭ്രാന്ത് വീട്ടുകാ‌ർക്കും ബോദ്ധ്യപ്പെട്ടത്.

പി.ജി, എം.എഡ്

നെയ്യാറ്റിൻകരയ്ക്കടുത്ത് കോട്ടുകാൽ പഞ്ചായത്തിലെ പയറ്റുവിളയ്ക്കടുത്ത് സാധാരണ കുടുംബത്തിലാണ് 47കാരനായ ബിജുലാലിന്റെ ജനനം. പരേതനായ രാമൻ- ലീലാ രാമൻ ദമ്പതികൾക്ക് ബിജുലാലും സഹോദരിയുമുൾപ്പെടെ രണ്ട് മക്കൾ. പഠനത്തിൽ സമർത്ഥനായിരുന്ന ബിജുലാൽ പി.ജിയ്ക്ക് ശേഷം എം.എഡും പൂർത്തിയാക്കി. സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ചശേഷം താമസിച്ചാണ് ബിജുലാൽ വിവാഹം കഴിച്ചത്. ഗവ. സ്കൂൾ അദ്ധ്യാപികയെ വിവാഹം ചെയ്തശേഷം കരമനയ്ക്ക് സമീപം വീടുവാങ്ങി താമസം തുടങ്ങി. അച്ഛന്റെ മരണശേഷം കുടുംബവീട്ടിൽ അമ്മ തനിച്ചാണ്.

ട്രഷറി വകുപ്പിൽ ക്ളാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച ബിജുലാൽ കഴിഞ്ഞ പതിനഞ്ച് വർഷത്തെ സർവ്വീസിനിടെ ജില്ലയ്ക്കകത്തും പുറത്തുമായി പത്തോളം ട്രഷറികളിൽ ജോലി നോക്കിയിട്ടുണ്ട്. ഓൺലൈൻ റമ്മികളി ഭ്രാന്ത് തുടങ്ങുംവരെ ബിജുലാലിന്റെ ജീവിതം സുതാര്യമായിരുന്നുവെന്നാണ് വീട്ടുകാരും അടുത്ത ബന്ധുക്കളും വെളിപ്പെടുത്തുന്നത്. ജോലിയേയും കുടുംബത്തെയുമെല്ലാം മറന്ന് ഓൺലൈൻ ചൂതുകളി ലഹരിയായപ്പോൾ ബിജുലാൽ തന്റെ ജീവിതം വച്ചുതന്നെ ചൂതാട്ടം നടത്തി.