കൊല്ലം: വീട്ടുമുറ്റത്തെ കിണറ്റിലകപ്പെട്ട മയിലിന് ഫയർഫോഴ്സ് രക്ഷകരായി. പട്ടാഴി ഇരുപ്പുക്കുഴി,സുരേഷ് ഭവനിൽ അഭിലാഷിന്റെ വീട്ടിലെ കിണറ്റിലാണ് മയിൽ അകപ്പെട്ടത്. മുക്കാൽ പങ്കും വെള്ളമുള്ള കിണറ്റിൽ നിന്നും മയിലിന് പറന്ന് കരയ്ക്കുകയറാൻ കഴിഞ്ഞില്ല. മരണത്തോട് മല്ലടിച്ചത് വീട്ടുകാർ കാണുകയും പത്തനാപുരം ഫയർഫോഴ്സിൽ വിവരം അറിയിക്കുകയുമായിരുന്നു. സ്റ്റേഷൻ ഓഫീസർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ രാജേന്ദ്രപിള്ള ഫയർ ഓഫീസർമാരായ നൗഷാദ്, അതുൽ അശോക്, അജീഷ് എന്നിവരടങ്ങിയ സേനയാണ് മയിലിനെ വലയ്ക്കുള്ളിലാക്കി പുറത്തെടുത്തത്. തുടർന്ന് മയിലിനെ വനം വകുപ്പ് അധികൃതർക്ക് കൈമാറി. പ്രാഥമിക ചികിത്സ നല്കി പറത്തി വിട്ടു.