കൊല്ലം: വെള്ളപ്പൊക്ക ദുരന്തമേഖലയിലേക്ക് കൊല്ലത്തിന്റെ 'സൈന്യം' പുറപ്പെട്ടു. കൊല്ലം വാടി തീരത്തെ ഇരുപത് മത്സ്യതൊഴിലാളികളാണ് രാവിലെ എട്ടരയോടെ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടത്. പത്ത് ഫൈബർ ബോട്ടുകളുമായിട്ടാണ് കടലിന്റെ മക്കൾ യാത്ര തിരിച്ചത്. കഴിഞ്ഞ പ്രളയകാലത്ത് രക്ഷാദൗത്യം ഏറ്റെടുത്ത ഈ സൈന്യം കോരിയെടുത്തത് നിരവധി ജീവനുകളായിരുന്നു. മഴവെള്ളപ്പാച്ചിലിൽ ജീവൻ പണയംവച്ച് നടത്തിയ അന്നത്തെ രക്ഷാപ്രവർത്തനത്തിന് നാടിന്റെ വലിയ പ്രോത്സാഹനവും അംഗീകാരവും ലഭിക്കുകയും ചെയ്തു. ഇത്തവണ മഴ കനത്തുതുടങ്ങിയപ്പോൾത്തന്നെ ആരുംപറയാതെതന്നെ മത്സ്യ തൊഴിലാളികൾ രക്ഷാദൗത്യം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. ഇന്നലെ രാത്രിയോടെ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം എത്തിയതോടെ അർദ്ധരാത്രി മുതൽ ബോട്ടുകൾ ലോറികളിലേക്ക് കയറ്റുന്ന ജോലികൾ തുടങ്ങി.
ക്രെയിൻ ഉപയോഗിച്ചാണ് മിക്കവയും കയറ്റിയത്. ഇരുപത് മത്സ്യ തൊഴിലാളികളും സജ്ജരായി. ഇവർക്ക് കൊവിഡ് പ്രതിരോധത്തിനുള്ള സാമഗ്രികൾ അധികൃതർ വിതരണം ചെയ്തു. മറ്റ് സുരക്ഷാ സംവിധാനങ്ങളും ഭക്ഷണ സാധനങ്ങളും കരുതിയിട്ടുണ്ട്. രാവിലെ അടൂരിൽ എത്തിയ ശേഷമാകും പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം വിവിധ ഭാഗങ്ങളിലേക്ക് രക്ഷാപ്രവർത്തനത്തിന് ഇറങ്ങുക. കൊവിഡ് പ്രതിസന്ധി വന്നതോടെ തീർത്തും പട്ടിണിയിലായിരുന്നു മത്സ്യ തൊഴിലാളി കുടുംബങ്ങൾ. എന്നിട്ടും അടിയന്തര ഘട്ടത്തിൽ രക്ഷാ ദൗത്യത്തിന് ഇറങ്ങിയ കൊല്ലത്തിന്റെ ഈ കടൽ സൈന്യത്തിന് ജില്ലാ കളക്ടർ ബി.അബ്ദുൾ നാസർ അഭിനന്ദനം അറിയിച്ചു.