last-pic
ഉപാസന ആശുപത്രിക്ക് സമീപത്തെ നഗരസഭ ഭൂമിയിലെ ചുറ്റുമതിൽ നിർമ്മാണം എന്ന പദ്ധതി ഒഴിവാക്കാൻ തീരുമാനിച്ചുവെന്ന് തിരുത്തി തയ്യാറാക്കിയ അന്തിമ മിനുട്സ്

കൊല്ലം: ലക്ഷങ്ങളുടെ കൈക്കൂലി ഇടപാട് സംശയിക്കുന്ന നഗരസഭാ മിനുട്സ് തിരുത്തലിന്റെ തെളിവ് പുറത്ത്. അന്തിമ മിനുട്സ് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് അത് തിരുത്തിയെന്ന് വ്യക്തമാക്കുന്ന യോഗതീരുമാനം കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള കരട് മിനുട്സാണ് പുറത്തായത്. ജൂൺ 22ന് ചേർന്ന കൗൺസിൽ യോഗം ഉപാസന ആശുപത്രിക്ക് സമീപത്തെ നഗരസഭാ ഭൂമിയിൽ ചുറ്റുമതിൽ നിർമ്മാണത്തിന്റെ ടെൻഡർ അംഗീകരിക്കുന്നത് ഉൾപ്പടെയുള്ള 39-ാം നമ്പർ അജണ്ട ഐകകണ്ഠ്യേനയാണ് പാസാക്കിയത്. ഇത് എല്ലാവരും അംഗീകരിച്ചെന്നാണ് കരട് മിനുട്സിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അന്തിമ മിനുട്സിൽ ഉപാസന ആശുപത്രിക്ക് സമീപത്തെ ചുറ്റുമതിൽ നിർമ്മാണം ഒഴിവാക്കാൻ തീരുമാനിച്ചെന്ന് തിരുത്തിയെഴുതിയിട്ടുണ്ട്.

മിനുട്സ് തയ്യാറാക്കുന്നത് സെക്രട്ടറി നിയോഗിക്കുന്ന ഉദ്യോഗസ്ഥനാണ്. കരട് മിനുട്സ് ആദ്യം തയ്യാറാക്കി മേയർക്ക് പരിശോധനയ്ക്ക് നൽകണം. അത് മേയർ പരിശോധിച്ച് കൗൺസിൽ തീരുമാനമനുസരിച്ചുള്ള തിരുത്തലുകൾ വരുത്തിയോ അല്ലാതെയോ മടക്കി നൽകി അന്തിമ മിനുട്സ് തയ്യാറാക്കണമെന്നാണ് മുൻസിപ്പൽ ആക്ടിൽ പറയുന്നത്. എന്നാൽ കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായ തിരുത്തലാണ് കരട് മിനുട്സിൽ വരുത്തിയത്.

നഗരസഭാ യോഗത്തിന്റെ അജണ്ടയും പിന്നീട് കരട് മിനുട്സും അന്തിമ മിനുട്സും തയ്യാറാക്കുന്നതും സർക്കാർ സോഫ്റ്റ് വെയറായ സകർമ്മയിലാണ്. മിനുട്സ് തിരുത്തലിന്റെ നശിപ്പിക്കാനാകാത്ത തെളിവ് സർക്കാർ സോഫ്റ്റ് വെയറിൽ നിലനിൽക്കുമ്പോഴും മിനുട്സ് തിരുത്തിയിട്ടില്ലെന്ന തെറ്റായ വിശദീകരണമാണ് പാർട്ടി യോഗങ്ങളിൽ പോലും നഗരസഭയിലെ ഉന്നതർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്.

 വാർഷിക പദ്ധതിയിൽ നിന്ന് വെട്ടി

ഇത്തവണത്തെ വാർഷിക പദ്ധതിയിൽ നിന്നാണ് ഉപാസന ആശുപത്രിക്ക് സമീപത്തെ ചുറ്റുമതിൽ നിർമ്മാണത്തിനുള്ള പണം വകയിരുത്തിയിരുന്നത്. പിന്നീട് കേന്ദ്ര ഗ്രാന്റിലെ കുറവിനും സുഭിക്ഷ പദ്ധതിക്ക് പണം വകിയിരുത്താനുമായി വാർഷിക പദ്ധതി ഭേദഗതി ചെയ്യുകയായിരുന്നു. ഇങ്ങനെ ഭേദഗതി ചെയ്ത പദ്ധതിയിലും ചുറ്റുമതിൽ നിർമ്മാണം ഉൾപ്പെട്ടിരുന്നു. ഇത് കൗൺസിൽ യോഗത്തിൽ അംഗീകരിച്ചതുമാണ്. എന്നാൽ ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കുന്നതിന് മുൻപാണ് മതിൽ നിർമ്മാണ പദ്ധതി രഹസ്യമായി ഒഴിവാക്കിയത്. ചുറ്റുമതിൽ നിർമ്മാണം അട്ടിമറിക്കാൻ നഗരസഭയിലെ ഉന്നതർ നീക്കം നടത്തിയെന്നതിന്റെ വ്യക്തമായ മറ്റൊരു തെളിവാണിത്.