കൊല്ലം: കൊവിഡ് കെടുതികൾക്കിടെ കാലവർഷ പേമാരിയിലും കാറ്റിലും ജില്ലയിലുണ്ടായ കൃഷിനാശം കർഷകരെ കണ്ണീർ കടലിൽ മുക്കി. രണ്ട് ദിവസമായി ഇടതടവില്ലാതെ പെയ്യുന്ന മഴയിൽ പാടങ്ങളുൾപ്പെടെ മുങ്ങുകയും കാറ്റിൽ ഹെക്ടർ കണക്കിന് സ്ഥലത്തെ വാഴയും ചീനിയുമുൾപ്പെടെയുള്ള വിളകൾ നശിക്കുകയും ചെയ്തു.
ജില്ലയിൽ കുന്നത്തൂർ താലൂക്കിലാണ് ഏറ്റവുമധികം കൃഷിനാശം സംഭവിച്ചത്. ശൂരനാട്, പതാരം, ചക്കുവള്ളി, മലനട, ഭരണിക്കാവ്, ശാസ്താംകോട്ട, വേങ്ങ, മുതുപിലാക്കാട്, ശാസ്താംനട, നെടിയവിള, കടപുഴ, കല്ലട എന്നിവിടങ്ങളിൽ ഏക്കർ കണക്കിന് വാഴക്കൃഷിയാണ് നശിച്ചത്. മൂപ്പെത്താറായ വാഴക്കുലകൾ കൂട്ടത്തോടെ ഒടിഞ്ഞുവീണത് കർഷകരെയും കടക്കെണിയിലാക്കി. നെടിയവിള, മുതുപിലാക്കാട് എന്നിവിടങ്ങളിലെ ഏക്കറുകണക്കിന് മരച്ചീനി കൃഷിയും നശിച്ചു.
ഇടവിളകളായ ചേന, ചേമ്പ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ എന്നീ കൃഷികൾക്കും ഓണവിപണി ലക്ഷ്യമിട്ട് നട്ട വള്ളിപ്പയർ, മുളക്, വെള്ളരി, പടവലം, മത്തൻ തുടങ്ങിയവയ്ക്കും വ്യാപക നാശം സംഭവിച്ചു. കുന്നത്തൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസത്തെ കണക്കനുസരിച്ച് കാൽക്കോടിയിലേറെ രൂപയുടെ കൃഷിനാശം ഉണ്ടായി. കൊയ്യാൻ പാകമായ നെൽകൃഷിയും വെള്ളത്തിനടിയിലാണ്. ശൂരനാട്, തഴവ, പാവുമ്പ ചുരുളി ഏല, തൊടിയൂർ വട്ടക്കായൽ തുടങ്ങി ജില്ലയിലെ മിക്ക ഏലകളും വെള്ളക്കെട്ടിലായി.
കൊട്ടാരക്കര താലൂക്കിലെ പുത്തൂർ, നെടിയവിള, പാങ്ങാട്, വെണ്ടാർ, കോട്ടാത്തല മേഖലകളിലും പത്തനാപുരം താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും റബർ, വാഴ, കുരുമുളക്, മരച്ചീനി തുടങ്ങിയ കൃഷികൾ നശിച്ചിട്ടുണ്ട്. ചിറക്കര, പോളച്ചിറ, എഴുകോൺ, കുന്നിക്കോട് പ്രദേശങ്ങളിലും വ്യാപകമായ കൃഷി നാശം ഉണ്ടായി.
മത്സ്യകൃഷിയും വെള്ളത്തിൽ
കരകൃഷികൾക്ക് പുറമേ ഓരുജല മത്സ്യകൃഷി, മൺറോത്തുരുത്ത് പോലുള്ള സ്ഥലങ്ങളിലെ ചെമ്മീൻ വളർത്തൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും വെള്ളപ്പൊക്കം നാശനഷ്ടങ്ങൾക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ രണ്ട് പ്രളയകാലങ്ങളിലെ കൃഷി നാശത്തിന്റെ ഇരകളായ ചിലർ വിള ഇൻഷ്വറൻസ് ചെയ്തിട്ടുള്ളതിനാൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുമെങ്കിലും ഭൂരിഭാഗം കർഷകരും പ്രതിസന്ധിയിലാണ്.
''
കടം വാങ്ങിയാണ് ഓണക്കാല വിളവെടുപ്പ് കണക്കാക്കി വാഴകൃഷി നടത്തിയത്. മൂപ്പെത്താറായ കുലകൾ കൂട്ടത്തോടെ ഒടിഞ്ഞുവീണതോടെ കൂലിച്ചെലവും അദ്ധ്വാനവും കഴിച്ചുള്ള ലാഭമാണ് ഇല്ലാതായത്.
ചന്ദ്രൻ, വാഴ കർഷകൻ, ആനയടി
''
രണ്ട് ദിവസത്തെ കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. റവന്യൂ- കൃഷി വകുപ്പ് ഉദ്യോഗസ്ഥർ നഷ്ടം കണക്കാക്കിവരുന്നു. ഒരുകോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
ജില്ലാ കൃഷി ഓഫീസർ, കൊല്ലം