കലിതുള്ളി കടൽ, അടുപ്പ് പുകയാതെ തീരദേശം
കൊല്ലം: ഇടമുറിയാത്ത മഴയും വീശിയടിക്കുന്ന കാറ്റും കലിതുള്ളുന്ന കടലും ജില്ലയിലെ തീരഗ്രാമങ്ങളെ പ്രളയഭീതിയിൽ മുക്കുന്നു. കൊവിഡിനെ തുടർന്ന് അടുപ്പ് പുകയ്ക്കാൻ മാർഗമില്ലാതെ വിഷമിക്കുമ്പോഴാണ് ദുരിതപെയ്ത്ത് ഉള്ള കനലും കെടുത്തിയത്.
ലോക്ക് ഡൗണിനൊപ്പം തുടങ്ങിയ ദുരിതം അറുതിയില്ലാതെ നീളുകയാണ്. നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ ചുരുക്കം ദിവസങ്ങളിൽ വള്ളവും വലയുമായി കടലിൽ പോയവർക്ക് എണ്ണക്കാശ് പോലും ലഭിച്ചില്ല. സൗജന്യറേഷനും സർക്കാർ സഹായങ്ങളുമൊക്കെയായി തട്ടീം മുട്ടീം കഴിഞ്ഞുപോയ കുടുംബങ്ങൾ ട്രോളിംഗ് നിരോധനം വന്നതോടെ നിത്യവൃത്തിക്ക് മാർഗമില്ലാത്ത നിലയിലായി.
ട്രോളിംഗ് കാലം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ചാകരക്കാലമാണ്. എന്നാൽ കൊവിഡ് നിയന്ത്രണം കണക്കുകൂട്ടലുകൾ തെറ്റിച്ചു. മത്സ്യത്തൊഴിലാളികളായ ചിലർക്ക് രോഗം സ്ഥിരീകരിച്ചതോടെ സമ്പർക്ക വ്യാപനം ഒഴിവാക്കാൻ ജില്ലാ ഭരണകൂടം മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തി. സാധാരണ ജൂലായ് 31ന് ട്രോളിംഗ് നിരോധനം അവസാനിക്കാറുണ്ടെങ്കിലും ഇത്തവണ നിയന്ത്രണങ്ങൾ നീണ്ടു.
ഓരോദിവസവും നിരോധന ഉത്തരവ് വന്നുകൊണ്ടിരിക്കെ അഴീക്കൽ മുതൽ പരവൂർ വരെ നീളുന്ന കൊല്ലത്തിന്റെ തീരദേശത്ത് പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്.
ബോട്ടുകളിലും വള്ളങ്ങളിലും മത്സ്യബന്ധനത്തിന് പോകുന്നവർ മാത്രമല്ല മത്സ്യ കച്ചവടക്കാർ, ലേലംചെയ്യുന്നവർ, ചുമട്ടുകാർ, ഐസ് ഫാക്ടറികൾ, ചെമ്മീൻ പീലിംഗ് ഷെഡുകൾ, പിക്കപ്പ്, ലോറി ഡ്രൈവർമാർ തുടങ്ങി കടലമ്മയുടെ കനിവിൽ കഴിഞ്ഞവരെല്ലാം വറുതിയുടെ വറചട്ടിയിലാണ്. ഏതാനും ദിവസങ്ങളായി ഇടതടവില്ലാതെ പെയ്യുന്ന മഴയും കരകവരുന്ന കടലും ഇവരുടെ ദുരിതങ്ങളും ആശങ്കകളും ഇരട്ടിയാക്കി. കടൽഭിത്തി പേരിനുപോലുമില്ലാത്ത തീരത്ത് തലചായ്ക്കാനുള്ള കൂര ഏത് നിമിഷവും കടലെടുക്കുമെന്ന അവസ്ഥയിൽ ഉറക്കമില്ലാതെ കഴിയുകയാണിവർ.
''
ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങൾ പണയപ്പെടുത്തിയും കൊള്ളപ്പലിശയ്ക്ക് പണം കടമെടുത്തുമാണ് വറുതിക്കാലം കഴിച്ചുകൂട്ടിയത്. നിരോധനം നീണ്ടാൽ പട്ടിണിയിലാകും.
ഓസ്റ്റിൻ, മത്സ്യത്തൊഴിലാളി