കരുനാഗപ്പള്ളി: മഴയുടെയും കാറ്റിന്റെയും ശക്തിക്ക് ഇന്നലെ നേരിയ ശമനം ഉണ്ടായെങ്കിലും ജനങ്ങളുടെ ദുരിതത്തിന് ശമനമില്ല. കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന തീരപ്രദേശങ്ങൾ പൂർണമായും വെള്ളക്കെടുതിയിലാണ്. വെള്ളക്കെട്ടിൽ നിൽക്കുന്ന മരങ്ങൾ വീണ് ഇന്നലേയും നിരവധി വീടുകൾക്ക് നാശം സംഭവിച്ചു. കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര വടക്ക് ത്രിവേണിയിൽ സൻജ്ജയുടെ വീടിന് മുകളിൽ മരം വീണ് നാശം സംഭവിച്ചു. ഏകദേശം 15000 രൂപായുടെ നാശനഷ്ടം സംഭവിച്ചതായി റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു. വടക്കുംന്തല മുല്ലക്കേരിയിൽ അതുൽ ഭവനത്തിൽ അശോകന്റെ വീടിന് മുകളിൽ മരം വീണ് 50000 രൂപായുടെ നാശനഷ്ടം വീടിനുണ്ടായി. കുലശേഖരപുരം ആദിനാട് വടക്ക് നെടുവേലി വീട്ടിൽ രാധമ്മയുടെ വീടിന്റെ അടുക്കള ഭാഗം ശക്തമായ മഴയിൽ തകർന്ന് വീണു. കേശവപുരം ഒന്നാം തഴത്തോടിന് ഇരുവശങ്ങളിലും വെള്ളം കയറി 20 വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ വീടിനുള്ളിൽ വെള്ളം കയറിയ മൂന്ന് കുംടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി താമസിച്ചതായി അയണവേലിക്കുളങ്ങര വില്ലേജ് ഓഫീസിൽ നിന്നും അറിയിച്ചു. തഴത്തോടുകൾ കരകവിഞ്ഞ് ഒഴുകുന്നതാണ് തീരപ്രദേശങ്ങളിലെ വെള്ളക്കെട്ടിന് കാരണം. ആലപ്പാട്ട് ഗ്രാമപഞ്ചായത്തിന്റെ തീരങ്ങളിൽ കടൽ ക്ഷോഭം ഇന്നലെയും ശക്തമായിരുന്നു.