kollamkaran

അടിയന്തരാവസ്ഥയെന്ന് കേട്ടിട്ടുണ്ട്. പൊലീസുകാരെ പേടിച്ച് ജനങ്ങൾ പുറത്തിറങ്ങിയിരുന്നില്ല അന്ന്. കൂട്ടം കൂടരുതെന്ന് മാത്രമായിരുന്നു നിഷ്‌കർഷ. അടിയന്തരാവസ്ഥ കാലത്ത് ഒളിവിൽ കഴിഞ്ഞ പലരും ഭരണസാരഥ്യം വഹിക്കുമ്പോൾ അടിയന്തരാവസ്ഥയെ പോലും നാണംകെടുത്തുമാറ് കൊല്ലത്ത് ഒരു പൊലീസ് ഏമാന്റെ വിക്രിയകൾ.

നല്ല പൊലീസുകാർ ജില്ലയിൽ ഒത്തിരിയുണ്ട്. റൂറലിലെയും സിറ്റിയിലെയും പൊലീസ് മേധാവികൾ തന്നെയാണ് ഇതിന് ഉത്തമ മാതൃകകൾ. സ്വാധീനങ്ങളുണ്ടായിട്ടും മോശത്തരങ്ങൾക്കൊന്നും ഇന്നുവരെ ഇവർ കൂട്ടുനിന്നതായി കേട്ടിട്ടില്ല. ഇരുവരും പൊലീസിനെ ഭരിക്കുന്ന ജില്ലയിൽ കഴിഞ്ഞ ദിവസം തെക്കുംഭാഗം സി.ഐ നടത്തിയ കനലാട്ടം കേട്ടാൽ മൂക്കത്ത് വിരൽ വച്ചുപോകും. കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ചവറയ്ക്കുമിടയ്ക്ക് തോപ്പിൽ മുക്ക് എന്നൊരു സ്ഥലമുണ്ട്.

അവിടെ റോഡിൽ ഒരു ബാറ്ററിക്കടയ്ക്കടുത്ത് ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു. കടതുറക്കാത്തതിനാൽ കടയുടമയെ ഫോണിൽ വിളിക്കുന്നതിനിടയിൽ തെക്കുംഭാഗം സീ.ഐ ജീപ്പിൽ കടന്നുപോകുന്നു. മുന്നോട്ട് പോയ വണ്ടി പിന്നിലോട്ട് വരുന്നു. നിമിഷങ്ങൾക്കുള്ളിൽ അവിടെ നിന്ന ചെറുപ്പക്കാരനെ ചീത്തവിളിച്ചുകൊണ്ട് കുത്തിന് പിടിച്ച് അടിക്കുന്നു. ഞെട്ടിപ്പോയ യുവാവ് ഞാനെന്ത് തെറ്റ് ചെയ്തെന്ന് ചോദിക്കുമ്പോഴേക്കും സി.ഐ അടുത്ത ഇടിക്ക് കൈപൊക്കി. അടുത്ത ഇടി ഒഴിവാക്കാൻ യുവാവിന് അദ്ദേഹത്തിന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി. ഇതോടെ സി.ഐ പിന്മാറി. ആളറിഞ്ഞില്ല, മണലുകടത്തുകാരനാണെന്ന് ധരിച്ച് ചെയ്തുപോയതാണെന്നൊരു സോറിയും പറഞ്ഞ് സി.ഐ പോയി.

ശാസ്താംകോട്ടയിലെ ഒരു പത്രപ്രവർത്തകനാണ് ഈ അപ്രതീക്ഷിത സാഹചര്യത്തെ നേരിടേണ്ടിവന്നത്. ആ സ്ഥാനത്ത് ഒരു സാധാരണക്കാരനായിരുന്നെങ്കിലോ?​. വാർത്ത അടുത്ത ദിവസം പത്രങ്ങളിൽ വന്നത് മുതൽ വിളിയോട് വിളി തന്നെ. ഒത്തിരി ചെറുപ്പക്കാരോട് സി.ഐ ഇങ്ങനെ കാണിച്ചിട്ടുണ്ടത്രെ. ഇപ്പോൾ മണൽ കടത്തില്ലെന്ന് സി.ഐയ്ക്കും നാട്ടുകാർക്കും നന്നായി അറിയാം. എന്നിട്ടുമെന്തേ ഈ ചേതോവികാരത്തിന് പിന്നിൽ?​. റൂറൽ പൊലീസിന്റെ അധികാര പരിധിയിലുള്ള സ്ഥലത്ത് നിങ്ങൾക്കെന്തുകാര്യം?​. സംഭവുമായി ബന്ധപ്പെട്ട് ഫേസ് ബുക്ക് പോസ്റ്റിൽ കമന്റിട്ടയാളെ തേടിപ്പിടിച്ച് പിന്നെയും സി.ഐ വിരട്ടിയെന്നും കേൾക്കുന്നു.

ആദ്യത്തെ അടിക്ക് മുൻപ് റോഡിൽ നിൽക്കുന്നയാൾ ആരെന്നെങ്കിലും ചോദിക്കുന്നതല്ലേ സാമാന്യ മര്യാദ. ഇക്കണക്കിന് പണ്ട് ഋഷിരാജ് സിംഗ് വേഷം മാറി വന്നപോലെ കൊല്ലത്തെ സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ വേഷം മാറി റോഡിൽ നിന്നാലും താങ്കൾ കുത്തിന് പിടിച്ച് ആദ്യം അടിപറ്റിക്കുമല്ലോ ?
പൗരന്മാർക്ക് ഭരണഘടനാപരമായ മൗലികാവകാശങ്ങളൊക്കെ ഉണ്ടെന്നുള്ള കാര്യം സി.ഐയ്ക്ക് അറിയുമല്ലോ. കോടതിയിൽ പോയാൽ ചിലപ്പോൾ ഏമാന്റെ തൊപ്പി പോലും കാണില്ലെന്നുള്ള സത്യം കൂടി ഓർക്കുന്നത് നന്നായിരിക്കും. മര്യാദ ലംഘിക്കുന്നവരാകരുത്,​ നിയമ സംരക്ഷകരാകണം പൊലീസ്.