covid

 ജില്ലയിൽ രോഗികളുടെ എണ്ണം താഴേക്ക്

കൊല്ലം: ആശങ്കകൾക്ക് അയവ് വരുത്തി ജില്ലയിലെ കൊവിഡ് ഗ്രാഫ് താഴേക്ക്. ജൂലായ് മാസത്തിലെ അവസാനത്തെ രണ്ട് ആഴ്ചകളുമായി താരതമ്യം ചെയ്യുമ്പോൾ ജില്ലയിൽ ഈമാസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണവും സമ്പർക്ക രോഗികളുടെ എണ്ണവും കുത്തനെ കുറഞ്ഞു.

കഴിഞ്ഞ മാസം 15 മുതലാണ് ജില്ലയിൽ കൊവിഡ് പ്രാദേശിക വ്യാപനം വർദ്ധിച്ചത്. ഒരു ദിവസം 133 പേർക്ക് വരെ രോഗം സ്ഥിരീകരിച്ചു. 15നും 31നും ഇടയിലുള്ള ഒട്ടുമിക്ക ദിവസങ്ങളിലും 50 മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. അതിൽ നിന്ന് വ്യത്യസ്തമായി ഈമാസം ഇതുവരെ മൂന്ന് ദിവസം മാത്രമാണ് കൊവിഡ് കേസ് 50ന് മുകളിലേക്ക് ഉയർന്നത്. ഞായറാഴ്ച 106 പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും ഇതിൽ 50 പേർ ജില്ലാ ജയിലിലെ അന്തേവാസികളാണ്. അതുകൊണ്ട് തന്നെ ജില്ലാ ജയിലിന്റെ മതിൽ കെട്ടിനപ്പുറത്തേക്ക് ഇവരിൽ നിന്ന് രോഗം പടരാനുള്ള സാദ്ധ്യതയില്ല.

കഴിഞ്ഞമാസത്തെ അവസാന രണ്ടാഴ്ചയിൽ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്ത തലച്ചിറ, കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ്, വെളിനെല്ലൂർ, ശാസ്താംകോട്ട എന്നിവിടങ്ങളിലും കൊവിഡ് വ്യാപനം പിടിച്ചുകെട്ടിയിട്ടുണ്ട്. പ്രാദേശിക വ്യാപനം കുറഞ്ഞതിനൊപ്പം രോഗമുക്തി നിരക്കും വർദ്ധിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞുവരികയാണ്. നേരത്തെ രോഗവ്യാപനം കൈവിട്ട് പോയതോടെ ജില്ലാ ആശുപത്രിയും കൊവിഡ് സെന്ററാക്കി. പലയിടങ്ങളിലും തുടങ്ങിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ രോഗികളെ കൊണ്ട് നിറഞ്ഞു. ഇപ്പോൾ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ഒഴിഞ്ഞുവരികയാണ്.

തീരത്ത് രോഗവ്യാപനം

ഈമാസം ആദ്യം മുതൽ കൊല്ലം നഗരത്തിൽ രോഗവ്യാപനം വർദ്ധിക്കുന്നുണ്ട്. തീരത്തോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് കൂടുതലായി കൊവിഡ് സ്ഥിരീകരിക്കുന്നത്. മത്സ്യബന്ധനത്തിന് എത്തിയ അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നാകാം നഗരമേഖലയിൽ കൊവിഡ് പടരുന്നതെന്നാണ് സംശയം.

ചികിത്സയിലുള്ള രോഗികളുടെ എണ്ണം

ജൂലായ് 15ന്: 244

ജൂലായ് 31ന്: 704

ഇന്നലെ: 636

ജില്ലയിൽ കൊവിഡ് ഇതുവരെ

ആദ്യം സ്ഥിരീകരിച്ചത്: മാർച്ച് 27ന്

ഇതുവരെ രോഗബാധിതർ: 2,​221

രോഗമുക്തർ: 1,​630

മരണം: 11

നിലവിൽ ചികിത്സയിലുള്ളവർ:582

ഈമാസം കൊവിഡ് സ്ഥിരീകരിച്ചത്: 476

കഴിഞ്ഞ മാസത്തെ അവസാന എട്ട് ദിവസം: 802

അതിന് മുൻപുള്ള എട്ട് ദിവസം: 453