kuttal
ജലസമൃദ്ധമായ പാലരുവി വെളളച്ചാട്ടം വിജനമായ നിലയിൽ..

പുനലൂർ: കൊവിഡും കാലവർഷവും മലയോരമേഖലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾക്ക് തിരിച്ചടിയായി.

ആര്യങ്കാവ് പാലരുവി, അച്ചൻകോവിൽ മണലാർ, തമിഴ്നാട്ടിലെ കുറ്റാലം, ആയ്ന്തരുവി വെളളച്ചാട്ടങ്ങൾ ആറ് മാസം മുമ്പ് അടച്ച് പൂട്ടിയതാണ്. ദിവസവും നൂറ് കണക്കിന് വിനോദ സഞ്ചാരികൾ എത്തിയിരുന്ന ജല പാതങ്ങളിൽ ഇപ്പോൾ ആളില്ലാത്തതിന് കാരണം ലക്ഷങ്ങളുടെ നഷ്ടമാണ് വനം വകുപ്പിന് . ഈ കേന്ദ്രങ്ങളിലെ ജീവനക്കാരും വ്യാപാരികളും പട്ടിണിയിലേക്ക് നീങ്ങുകയാണ്. രണ്ടാഴ്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് വെളളച്ചാട്ടങ്ങളും സമീപ പ്രദേശങ്ങളും നിറഞ്ഞു ഒഴുകുകയാണ്. വന സംരക്ഷണ സമിതിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആര്യങ്കാവ് പാലരുവി ജല പാതത്തിൽ ജോലി ചെയ്തു വന്നിരുന്ന 50 ഓളം പുരുഷ, വനിത ഗൈഡുകൾ കടുത്ത പട്ടിണിയിലാണ്. മേയ് മാസം മുതൽ സീസൺ ആരംഭിക്കുന്ന പാലരുവിയിൽ പ്രവേശന പാസ് ഇനത്തിൽ ഒരു ലക്ഷത്തിലധികം രൂപയുടെ വരുമാണ് ദിവസവും ലഭിച്ച് കൊണ്ടിരുന്നത്. ജൂൺ, ജൂലായ് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ പാലരുവി വെളളച്ചാട്ടത്തിൽ കുളിക്കാൻ എത്തിയിരുന്നത്.കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകൾക്ക് പുറമെ തമിഴ്നാട്ടിൽ നിന്നുളള വിനോദസഞ്ചാരികളാണ് പാലരുവി ജലപാതം സന്ദർശിക്കാൻ എത്തുന്നവരിൽ ഏറെയും. തുടർന്ന് തമിഴ്നാട്ടിലെ കുറ്റാലം വെളളച്ചാട്ടവും, അയ്ന്തരുവിയും സന്ദർശിച്ച ശേഷമാകും ഇവർ നാട്ടിലേക്ക് മടങ്ങിയിരുന്നത്. രണ്ട് സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപകമായതോടെ ജലപാത്തിന് സമീപത്തെ വ്യാപാരശാലകളും മറ്റും അടച്ച് പൂട്ടിയിട്ടു മാസങ്ങൾ പിന്നിടുകയാണ്.