krishi
ശൂരനാട് തെക്ക് താമരശേരി ഏലായിലെ ആയിരത്തി അഞ്ഞൂറോളം ഏത്തവാഴകൾ ഒടിഞ്ഞ് വീണ നിലയിൽ

 പള്ളിക്കലാർ കരകവിഞ്ഞു

കൊല്ലം: മൂന്ന് ദിവസമായി തുടരുന്ന പെരുമഴയിൽ ദുരിതം പുതച്ച് കൊല്ലം. ഇന്നലെ മാത്രം ജില്ലയിലെ ആറ് താലൂക്കുകളിലുമായി 41 വീടുകൾ തകർന്ന് 9.49 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇതോടെ മൂന്ന് ദിവസത്തിനിടെ ജില്ലയിൽ തകർന്ന വീടുകളുടെ എണ്ണം 265 ആയി. മഴക്കെടുതിയിൽ സർക്കാർ സംവിധാനങ്ങൾ തിട്ടപ്പെടുത്തിയ പ്രാഥമിക നഷ്ട കണക്കുകളുടെ പല മടങ്ങാണ് യഥാർത്ഥ സാമ്പത്തിക കെടുതി.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീടുകൾക്ക് മുകളിലേക്ക് പതിച്ചാണ് ഏറെയും തകർന്നത്. തുടർച്ചയായ മഴയിൽ കുതിർന്ന് ബലക്ഷയം സംഭവിച്ച് തകർന്ന വീടുകളുമുണ്ട്. താഴ്ന്ന പ്രദേശങ്ങൾ, പാടശേഖരങ്ങൾ എന്നിവിടങ്ങൾ മുങ്ങിത്തുടങ്ങി. പള്ളിക്കലാർ കരകവിഞ്ഞ് ശൂരനാട് വടക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. ഓണമ്പള്ളി, കിഴകിട, കൂരിക്കുഴി, താഴെ മുണ്ടകൻ, വിരിപ്പോലിൽ, ആനയടി, കൊച്ചു പുഞ്ച തുടങ്ങിയ ഏലകളിലെ ഹെക്ടർ കണക്കിന് നെൽകൃഷി വെള്ളത്തിനടിയിലായി. കരിങ്ങാട്ടിൽ ശിവപാർവതി ക്ഷേത്രം വെള്ളത്താൽ ചുറ്റപ്പെട്ടതോടെ പൂർണമായും ഒറ്റപ്പെട്ടു.

കൊല്ലത്തും കരുനാഗപ്പള്ളിയിലും കടലോര മേഖല ആശങ്കയിലാണ്. മഴയ്ക്കൊപ്പം തീരത്തേക്ക് അടിച്ചുയരുന്ന തിരമാലകൾ മടങ്ങുമ്പോൾ തീരവും കവരുകയാണ്. കൊല്ലം തീരദേശത്തെ കാക്കത്തോപ്പ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ഭൂവിസ്‌തൃതി വൻ തോതിൽ കുറയുന്നുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെങ്കിലും അടിയന്തര സാഹചര്യം നേരിടാൻ മുന്നൊരുക്കങ്ങൾ നടത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. ആളുകളെ മാറ്റിപാർപ്പിക്കേണ്ടി വന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി ക്യാമ്പുകൾ തുറക്കും.

ഓടിത്തളർന്ന് കെ.എസ്.ഇ.ബി

1. മൂന്ന് ദിവസത്തിനിടെ രണ്ടായിരത്തിലേറെ സ്ഥലങ്ങളിൽ മരങ്ങൾ വീണു

2. അടുത്ത കാലത്ത് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി

3. 11 കെ.വി ലൈനുകൾ ഉൾപ്പെടെ പൊട്ടി

4. തകരാർ പരിഹരിക്കാൻ ജില്ലയ്ക്ക് പുറത്തുനിന്നുള്ള ജീവനക്കാരും

5. മിക്കതും പരിഹരിച്ചു. ശേഷിക്കുന്നത് ഒറ്റപ്പെട്ടത്

പെരുമഴ: 3-ാം ദിനം

തകർന്ന വീടുകൾ: 265

ഇന്നലെ: 41

വളർത്ത് മൃഗങ്ങൾക്ക് കൺട്രോൾ റൂം: 9446096855