കൊല്ലം: നെടുവത്തൂർ ചാലൂക്കോണത്തും കോട്ടാത്തല മൂഴിക്കോടും ഓരോരുത്തർക്ക് കൊവിഡ് സ്ഥിരീകരിച്ചു, സമ്പർക്ക പട്ടികയിൽ കൂടുതൽപേർ ഉള്ളതിനാൽ പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം. നെടുവത്തൂർ പഞ്ചായത്തിലെ ചാലൂക്കോണം വാർഡിൽ ക്വാറന്റെയ്നിലായിരുന്ന പ്രവാസിയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പതിനാല് ദിവസം ഗൃഹനിരീക്ഷണത്തിൽ കഴിഞ്ഞ ഇദ്ദേഹം പിന്നീട് കൂട്ടുകാർക്കൊപ്പവും മറ്റും സജീവമായി സഹകരിച്ചു. കുറുമ്പാലൂർ പ്രദേശത്തായിരുന്നു അധികവും സമ്പർക്കും. ഇരുപത്തിരണ്ടാം ദിനത്തിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോട്ടാത്തല മൂഴിക്കോട് സ്വദേശിനിയായ വീട്ടമ്മ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശനം നടത്തിയിരുന്നു. വെള്ളിയാഴ്ച പനിയും മറ്റ് അസ്വസ്ഥതകളും കണ്ടുതുടങ്ങിയതോടെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ടുപോയി. ഇവിടെ നടത്തിയ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് കൊവിഡ് രോഗികളുടെയും പ്രാഥമിക സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.