sea
ഇരവിപുരം കാക്കത്തോപ്പ് തീരം

 താന്നി കായൽ തീരവും ആശങ്കയിൽ

കൊല്ലം: ശക്തമായ മഴയ്ക്കൊപ്പം കലിയടങ്ങാത്ത കടലും തീരമേഖലയെ പ്രളയ ഭീതിയിലാക്കുന്നു. കടൽത്തീരത്തിനൊപ്പം കൊല്ലം തോടിന്റെയും താന്നിക്കായലിന്റെയും തീരങ്ങളിൽ താമസിക്കുന്നവരും ഏത് നിമിഷവും വീടുകളിലേക്ക് വെള്ളം കയറുമെന്ന ആധിയിലാണ്.

കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കടലാക്രമണത്തിൽ കൊല്ലം ബീച്ചിന് സമീപത്തെ നാല് വീടുകളിൽ വെള്ളം കയറിയിരുന്നു. താന്നി ഭാഗത്തെ വീടുകളും സമാന അവസ്ഥയിലാണ്. ബീച്ച് മുതൽ പരവൂർ തീരം വരെ ഇന്നലെയും സമാന സ്ഥിതിയാണ്. തിര പലപ്പോഴും പതിവിന്റെ ഇരട്ടിയിലേറെ കരയിലേക്ക് കയറുന്നുണ്ട്.

പുനർനിർമ്മാണം പാതിവഴിയിൽ എത്തിനിൽക്കുന്ന തീരദേശ റോഡും കടലെടുത്ത് പോകുമെന്ന ആശങ്ക ഉയരുന്നു. ശക്തമായ മഴയിൽ താന്നിക്കായലിലും കൊല്ലം തോട്ടിലും ജലനിരപ്പ് ഉയരുന്നതും തീരത്തുള്ളവരെ ആശങ്കയിലാഴ്ത്തുന്നു. കൊല്ലം ബീച്ചിന് സമീപമുള്ളവരെ മാറ്റിപാർപ്പിക്കാൻ കഴിഞ്ഞ ദിവസം ഇരവിപുരം സെന്റ് ജോൺസ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിരുന്നു. വാളത്തുംഗൽ സ്കൂളിലും ഇന്നലെ ക്യാമ്പ് ആരംഭിച്ചു.

 താന്നി കായലിലേക്ക് ജലമൊഴുക്ക് രൂക്ഷം; ബണ്ടുകൾ മുറിച്ചു

പരവൂർ കായൽ,​ ഇത്തിക്കരയാറ് എന്നിവയ്ക്ക് പുറമേ കൊല്ലം തോട്ടിൽ നിന്നും ജലം വൻതോതിൽ താന്നി കായിലേക്ക് ഒഴുകിയെത്തുകയാണ്. മഴ ശക്തമായി തുടർന്നാൽ താന്നി കായലിന്റെ തീരത്തുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരും. താന്നി കായലിലെ ജലനിരപ്പ് താഴ്ത്താൻ മുക്കം പൊഴി മുറിച്ച് കായൽ ജലം കടലിലേക്ക് ഒഴുക്കാനുള്ള ആലോചനകൾ തുടങ്ങി.

കൊല്ലം തോട്ടിൽ ഇപ്പോൾ പരവൂർ ഭാഗത്ത് നിന്ന് കൊല്ലത്തേക്കാണ് ഒഴുക്ക്. തോട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാൻ ഇരവിപുരം, കച്ചിക്കടവ്, ആറ്റുകാൽ ഭാഗങ്ങളിലെ ബണ്ടുകൾ ഇന്നലെ മുറിച്ചു.