മഞ്ഞുപാളികൾക്ക് നടുവിൽ ഒഴുകുന്ന ഹോട്ടലാണ് ആർട്ടിക് ബാത്ത്. പേര് സൂചിപ്പിക്കുന്നതുപോലെ മഞ്ഞിൽ കുളിച്ചാണ് ഹോട്ടലിന്റെ നിൽപ്പ്. സ്വീഡനിലാണ് ഈ അത്യപൂർവ ഹോട്ടൽ. വൃത്താകൃതിയിലാണ് ഹോട്ടലിന്റെ രൂപ ഘടന. ലൂലെ നദിയിലൂടെയാണ് ഹോട്ടൽ ഒഴുകുന്നത്. മരപ്പാലത്തിലൂടെ പോയാൽ മാത്രമേ ഹോട്ടലിനകത്ത് പ്രവേശിക്കാൻ കഴിയൂ. ഹോട്ടലിന്റെ നടുഭാഗത്തായി ഒരു വലിയ നീന്തൽകുളമുണ്ട്. ഈ നീന്തൽകുളം കൂടാതെ ഹോട്ടലിന്റെ വിവിധ ഭാഗങ്ങളിൽ നീന്തിത്തുടിക്കാനുള്ള സൗകര്യവുമുണ്ട്. ആർക്കിടെക്ടുമാരായ ബെർട്ടിൽ ഹാർസ്‌ട്രേമും ജോൺ കൗപ്പിയും ചേർന്നാണ് ഹോട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 12 മുറികളാണ് ഹോട്ടലിനുള്ളത്. ലൂലെയ് വിമാനത്താവളത്തിൽ നിന്ന് ഒരു മണിക്കൂർ 15 മിനിട്ട് യാത്ര ചെയ്താൽ ഈ ഹോട്ടലിലെത്താനാകും. യോഗയ്ക്കും മെഡിറ്റേഷനുമായി ഹോട്ടലിൽ പ്രത്യേക സൗകരമൊരുക്കിയിട്ടുണ്ട്. ഹോട്ടലിനോടനുബന്ധിച്ച് നദിക്കരയിൽ പ്രത്യേക മുറികളും സജ്ജീകരിച്ചിട്ടുണ്ട്. മഞ്ഞിൽ കുളിച്ചൊരു ഒഴിവുകാലം ആസ്വദിക്കണമെന്നുണ്ടെങ്കിൽ ഈ ഹോട്ടലിലേക്ക് പറക്കാം.