കൊല്ലം: കരിക്കോട് എ.ടി.എമ്മിൽ കുഴഞ്ഞുവീണയാൾക്ക് ഗ്ളാസ് വാതിൽ തകർന്ന് ചില്ല് തുളച്ചുകയറി പരിക്കേൽക്കാനിടയായ സംഭവത്തെ തുടർന്ന് ജില്ലയിലെ എ.ടി.എമ്മുകളിൽ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. പല എ.ടി.എം കൗണ്ടറുകളിലും ഗുണനിലവാരം കുറഞ്ഞ ഗ്ലാസുകളാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് കണ്ടെത്തി. രണ്ട് ദിവസം മുമ്പാണ് കണ്ണനല്ലൂർ സ്വദേശി സിദ്ദിഖ് രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് എ.ടി.എമ്മിൽ കുഴഞ്ഞുവീണത്. ഫയർഫോഴ്സെത്തിയാണ് സിദ്ധിഖിനെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ജില്ലാ ഫയർഫോഴ്സ് മേധാവി കെ. ഹരികുമാർ ജില്ലയിലെ മുഴുവൻ എ.ടി.എമ്മുകളും പരിശോധിച്ച് ഗ്ളാസ് കവചങ്ങൾ സുരക്ഷിതമാണോയെന്ന് ഉറപ്പാക്കാൻ സേനയ്ക്ക് നിർദേശം നൽകി.