photo
വാഴേത്ത് സുനാമി പുനരധിവാസ കോളനി.

കരുനാഗപ്പള്ളി: തോരാതെ പെയ്യുന്ന മഴയിൽ സുനാമി പുനരധിവാസ കോളനികളിലെ ജനജീവിതം ദുരിതപൂർണമായി മാറി. വെള്ളം കെട്ടി നിൽക്കാൻ തുടങ്ങിയതോടെ കോളനി നിവാസികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. കോളനികൾ പൂർണമായും വെള്ളത്തിൽ ആയതോടെ പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാതെ ഇവർ വലയുകയാണ്. സ്ത്രീകളാണ് ഏറ്റുവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. കരുനാഗപ്പള്ളി താലൂക്കിലെ മിക്ക സുനാമി പുനരധിവാസ കോളനികളും ചതുപ്പ് പ്രദേശങ്ങളിലാണ് നിർമ്മിച്ചിരിക്കുന്നത്. എല്ലാ വർഷവും മഴക്കെടുതിയിൽ കോളനി നിവാസികളുടെ ജീവിതം ദുരിതത്തിലാകും. വെള്ളം പൂർണമായും ഒഴുകി മാറിയെങ്കിൽ മാത്രമെ ജനജീവിതം സാധാരണ നിലയിൽ എത്തുകയുള്ളു. നിലവിൽ എല്ലാ കോളനികളും പൂർണമായും വെള്ളത്തിലാണ്. 15 വർഷത്തിന് മുമ്പ് ഉണ്ടായ സുനാമി ദുരന്തത്തെ തുടർന്നാണ് ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽ നിന്നും 3000ത്തോളം കുടുംബങ്ങളെ കരുനാഗപ്പള്ളി, കുലശേഖരപുരം, ക്ലാപ്പന എന്നിവിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. . സർക്കാർ അനുവദിച്ച 4 സെന്റ് ഭൂമിയിൽ സന്നദ്ധ സംഘടനകളാണ് വീടുകൾ നിർമ്മിച്ച് നൽകിയത്. അന്ന് നിർമ്മിച്ച വീടുകൾ മിക്കതും ഇപ്പോൾ ചോർന്നൊലിക്കുകയാണ്. കക്കൂസുകൾ മിക്കതും ഭാഗികമായി തകർന്ന് പോയി. മഴക്കാലത്ത് സുനാമി പുനരധിവാസ കോളനികളിലെ ജീവിതം നരക തുല്യമാണ്. ചോർന്നൊലിക്കുന്ന വീടുകൾ നന്നാക്കുന്നതിനുള്ള ആനുകൂലങ്ങൾ മത്സ്യഫെഡിൽ നിന്നോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നോ ലഭിക്കുന്നില്ലെനാണ് കോളനി നിവാസികളുടെ പരാതി.