തഴവ: ശക്തമായ മഴ കുലശേഖരപുരം, തഴവ പഞ്ചായത്തുകളിലെ നൂറ് കണക്കിന് കുടുംബങ്ങളെ ദുരിതത്തിലാക്കി.

താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിനടിയിലായി. ഭൂരിഭാഗം ഉൾനാടൻ റോഡുകളിലും അനിയന്ത്രിതമായ വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഭൂനിരപ്പിൽ നിന്നും ഒന്ന് മുതൽ രണ്ടര അടി വരെ ഉയരത്തിൽ വെള്ളം കെട്ടി നിന്നതോടെ കക്കൂസ് മാലിന്യം ഉൾപ്പടെയുള്ളവ പരന്നൊഴുകി സാംക്രമിക രോഗ ഭീഷണി ഉയർത്തുകയാണ്. തുടർച്ചയായ മഴയിൽ പല ജനവാസ കേന്ദ്രങ്ങളും ഇതിനാലകം തന്നെ ഒറ്റപ്പെട്ട് കഴിഞ്ഞു. കുലശേഖരപുരം വള്ളിക്കാവ്, ആദിനാട് തെക്ക്, കോട്ടയ്ക്കുപുറം, തുറയിൽകടവ്, തഴവ കടത്തൂർ , പാവുമ്പ, കുതിരപ്പന്തി, എ.വി.എച്ച്.എസ് ജംഗ്ഷന് കിഴക്കുവശം എന്നീ സ്ഥലങ്ങളിലാണ് മഴക്കെടുതി കൂടുതൽ രൂക്ഷമായത്. ആവശ്യ സാധനങ്ങൾ വാങ്ങാൻ പോലും പുറത്തിറങ്ങുവാൻ കഴിയാതെ നിരവധി കുടുംബങ്ങളാണ് വലയുന്നത്. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളും വ്യാപകമായ നെൽവയൽ നികത്തലുമാണ് ഈ പ്രദേശങ്ങളിലെ സ്വാഭാവിക നീരൊഴുക്ക് നഷ്ടപ്പെടുത്തിയത്. കൊവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ ഭൂരിഭാഗം ദുരിതബാധിതരും ക്യാമ്പുകളിലേക്ക് പോകുവാൻ മടിക്കുകയാണ്. മഴ ദുരിതം വിതച്ച മേഖലകളിലെ ഗ്രാമവാസികൾ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള മാർഗമോ, കുടിവെള്ളമോ ഇല്ലാതെ വലയുകയാണ്. ഇവിടെ രോഗികൾ, വൃദ്ധജനങ്ങൾ എന്നിവർ അസഹനീയമായ ദുരിതാവസ്ഥഥയിലാണ്.