പത്തനാപുരം: കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ വിളക്കുടി പഞ്ചായത്തിൽ ആവണീശ്വരം മൂന്നാം വാർഡിൽ കുളപ്പുറം ഏലായിലും തോട്ടിലും വെള്ളം ഉയർന്നത് പ്രദേശവാസികളെ ഭീതിയിലാക്കുന്നു. വെള്ളം ഉയർന്ന് വീടുകളിൽ കയറി. വർഷങ്ങളായി എല്ലാ മഴക്കാലത്തും പ്രദേശത്തെ വീടുകളിൽ വെള്ളം കയറാറുണ്ട്. കഴിഞ്ഞ വർഷങ്ങളിലെ വെള്ളപ്പൊക്കത്തിൽ വീടുകളിൽ നിന്ന് ബന്ധുവീടുകളിലും സ്കൂളുകളിലും മാറി പാർത്തിരുന്നു. ഇഴജന്തുക്കളുടെ ശല്യവും അതിരൂക്ഷമാണ് . താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളത്തിനടിയിലായതോടെ കാർഷിക വിളകൾക്കും നാശം സംഭവിച്ചു. ഏലായ്ക്ക് സമീപമായുള്ള മീൻ വളർത്തൽ കേന്ദ്രത്തിലും വെള്ളം കയറി നാശനഷ്ടമുണ്ടായി.തോടും ഭൂമിയും കയ്യേറിയതാണ് വെള്ളപൊക്കത്തിന് കാരണമെന്നും വെള്ളം ഒഴുകുന്നതിന് ആവശ്യമായ ചാലുകൾ നിർമ്മിക്കണമെന്നും നാട്ടുകാർ പറയുന്നു.

പത്തനാപുരം,കുന്നിക്കോട്,പട്ടാഴി,പിറവന്തൂർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി.പിടവൂർ,ആവണീശ്വരം,പട്ടാഴി,പാതിരിയ്ക്കൽ പ്രദേശങ്ങളിലെ വയലേലകളെല്ലാം നിറഞ്ഞുകവിഞ്ഞു.ഇവിടെ എട്ടോളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.ഗ്രാമീണ മേഖലകളിലെ റോഡുകളിലും വെള്ളം കയറി.കല്ലടയാറ്റിലും വെള്ളം ഉയരുന്ന സാഹചര്യത്തിൽ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ ദിവസം ശക്തമായ കാറ്റിൽ വ്യാപക കൃഷി നാശമുണ്ടായിയുന്നു.ഇന്നലെ കാറ്റിന് ശമനമുണ്ടായെങ്കിലും മഴ കനത്തത് കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാകുന്നതിന് കാരണമായി. കൃഷിനാശം ഉണ്ടായ പല സ്ഥലങ്ങളിലും അധികൃതരെത്തിയില്ലെന്ന പരാതിയും ശക്തമാണ്.