vallam
ഞ​ങ്ങ​ളു​ണ്ട് കൂ​ടെ... അ​ഴീ​ക്ക​ലിൽ നി​ന്ന് ര​ക്ഷാ​പ്ര​വർ​ത്ത​ന​ങ്ങൾ​ക്ക് പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് പോ​കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കൾ

കൊല്ലം: പ്രളയമുണ്ടായാൽ രക്ഷാദൗത്യത്തിനായി ഇന്നലെ 15 ബോട്ടുകളുമായി കൂടുതൽ മത്സ്യത്തൊഴിലാളികൾ കൊല്ലത്ത് നിന്ന് പത്തനംതിട്ടയിലെത്തി. നീണ്ടകരയിൽ നിന്ന് ഏഴ് ബോട്ടുകളും അഴീക്കലിൽ നിന്ന് എട്ട് ബോട്ടുകളുമാണ് അയച്ചത്.

ശനിയാഴ്ച കൊല്ലം വാടി കടപ്പുറത്ത് നിന്ന് ആദ്യ ഘട്ടമെന്ന നിലയിൽ പത്ത് ബോട്ടുകളുമായി 20 തൊഴിലാളികൾ പത്തനംതിട്ടയിലെത്തിയിരുന്നു. ഇതോടെ കൊല്ലത്ത് നിന്ന് പത്തനംതിട്ടയിലെത്തിച്ച ബോട്ടുകളുടെ എണ്ണം 25 ആയി. പമ്പ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയത് പ്രളയത്തിന് ഇടയാക്കിയേക്കുമെന്ന ആശങ്ക പത്തനംതിട്ട ജില്ലാ ഭരണകൂടത്തിനുണ്ട്. അതിനാലാണ് കൂടുതൽ ബോട്ടുകൾ ഇന്നലെ ആവശ്യപ്പെട്ടത്.

ബോട്ടുകളുമായി പോയ ലോറികൾ തിരുവല്ലയിലും അടൂരിലുമായി ക്യാമ്പ് ചെയ്യുകയാണ്. അടിയന്തര സാഹചര്യമുണ്ടായാൽ ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് നീങ്ങും. അഴീക്കലിൽ നിന്നുള്ള ബോട്ടുകളിൽ നാല് വീതം മത്സ്യതൊഴിലാളികളുണ്ട്. നീണ്ടകരയിൽ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ നേരിട്ടെത്തിയാണ് മത്സ്യത്തൊഴിലാളികളെ യാത്രയാക്കിയത്.

2018 ലെ പ്രളയ കാലത്താണ് കൊല്ലത്തെ മത്സ്യത്തൊഴിലാളികൾ ബോട്ടുകളുമായി രക്ഷാപ്രവർത്തനത്തിന് ആദ്യമായി പത്തനംതിട്ടയിലെത്തിയത്.

കഴിഞ്ഞ വർഷവും പ്രതിരോധ മുന്നൊരുക്കമെന്ന നിലയിൽ മത്സ്യത്തൊഴിലാളികൾ ബോട്ടുകളുമായി പത്തനംതിട്ടയിലേക്ക് പോയിരുന്നു. ഇത്തവണയും സമാന സാഹചര്യം മുന്നിൽ കണ്ട് പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി.നൂഹ് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിനോട് സഹായം അഭ്യർത്ഥിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മത്സ്യത്തൊഴിലാളികളുമായി കളക്ടർ നടത്തിയ ചർച്ചയിലാണ് തൊഴിലാളികൾ ബോട്ടുകളുമായി പോകാൻ സന്നദ്ധത അറിയിച്ചത്.