najma

കുന്നത്തൂർ: സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച നവജാത ശിശുവിന്റെ അമ്മയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവിൽ വീട്ടിൽ സുധീറിന്റെ ഭാര്യ നജ്മയാണ് (25) ഇന്നലെ രാവിലെ മരിച്ചത്.

കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനായി കഴിഞ്ഞ മാസം 29നാണ് നജ്മയെ പ്രവേശിപ്പിച്ചത്.

രാത്രിയിൽ വേദന അസഹ്യമായതോടെ നജ്മയുടെ മാതാവ് ഡ്യൂട്ടിയിലുള്ള നഴ്സ് അടക്കമുള്ളവരെ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. വേദന അസഹ്യമായതോടെ യുവതി അലറിവിളിക്കുകയും മാതാവ് വീണ്ടും ജീവനക്കാരെ സമീപിക്കുകയും ചെയ്തതോടെ ലേബർ റൂമിലേക്ക് മാറ്റി. എങ്കിലും ഡോക്ടറെ വരുത്തുകയോ ചികിത്സ നൽകുകയോ ചെയ്തില്ലെന്ന് ബന്ധുക്കൾ പറയുന്നു. നജ്മയുടെ അവസ്ഥ ഗുരുതരമായപ്പോഴാണ് ഡോക്ടർ എത്തിയത്. തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ നിർദ്ദേശിച്ചു.

എന്നാൽ കുഞ്ഞ് പകുതിയോളം പുറത്തുവന്ന അവസ്ഥയിലാണ് എസ്.എ.ടിയിലേക്ക് റഫർ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇവിടെ എത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഗർഭിണിയായ നജ്മയെ തുടക്കം മുതൽ ചികിത്സിച്ചിരുന്ന സ്വകാര്യ ആശുപത്രിയിൽ നിന്നാണ് പ്രസവ സമയത്ത് ദുരനുഭവം ഉണ്ടായത്. അതിനിടെ സുധീറിന്റെ പരാതിയെ തുടർന്ന് വടക്കൻ മൈനാഗപ്പള്ളി മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം കുഞ്ഞിന്റെ മൃതദേഹം ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസയുടെ നേതൃത്വത്തിൽ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നിട്ടില്ല.

നജ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. നവജാത ശിശുവിന്റെയും മാതാവിന്റെയും മരണത്തിനിടയാക്കിയ സംഭവത്തിൽ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി കരുനാഗപ്പള്ളി എ.സി.പി പറഞ്ഞു. മുഖ്യമന്ത്രി അടക്കമുള്ളവരെ പരാതിയുമായി സമീപിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.