കൊട്ടാരക്കര: നാലു ദിവസമായി തുടരുന്ന മഴ തകർത്തെറിഞ്ഞത് ജീവിതത്തിലേക്ക് കരകയറാനുള്ള കർഷകരുടെ സ്വപ്നങ്ങൾ. കൊവിഡിനെതുടർന്ന് തൊഴിൽ നഷ്ടപ്പെട് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലും ദാരിദ്രത്തിലുമായ കർഷകർ ഏറെ പ്രതീക്ഷയോടെ നട്ടുവളർത്തിയ കാർഷിക വിളകൾ മിക്കതും നശിച്ചു. ഓണവിപണി ലക്ഷ്യമാക്കി നട്ടുവളർത്തിയ ഏത്ത വാഴക്കുലകൾ കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റിലും മഴയിലും നിലം പൊത്തി - മരച്ചീനി, ചേന, പച്ചക്കറികൾ എന്നിവ എല്ലാം നശിച്ചു. ഇനി എന്തുചെയ്യുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
നാലുദിവസമായി തുടരുന്ന മഴയിൽ പറമ്പുകളും വയലേലകളും വെള്ളക്കെട്ടിലായി. കാർഷിക വിഭവങ്ങൾ നശിച്ചതോടെ കർഷകർ കണ്ണിർക്കടലിലായി.
തൃക്കണ്ണമംഗൻ ചെട്ടിമൂട്ടിൽ ഭാഗത്ത് രൂപപ്പെട്ട വെള്ളക്കെട്ട് സമീപത്തെ പല വീടുകൾക്കും ഭീഷണിയായിട്ടുണ്ട്. ചെട്ടിമുട്ടിൽ രമേശ് കുമാർ, മണി, മുരുകൻ, കുഞ്ഞുമോൻ എന്നിവരുടെ വീട്ടുപറമ്പിൽ വെള്ളം കെട്ടി നിൽക്കുകയാണ്. ഭയപ്പാടോടെയാണ് വീട്ടുകാർ വീടുകളിൽ കിടന്നുറങ്ങുന്നത്. പ്രദേശത്തെ വെള്ളക്കെട്ട് പലവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. പ്രശ്ന പരിഹാരത്തിന് ബന്ധപ്പെട്ടവർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പുലമൺ ജംഗ്ഷൻ, കരിക്കം, ഐപ്പള്ളുർ ,കുന്നക്കര, ഐസക് നഗർ, മുട്ടമ്പലം ഇഞ്ചക്കാട് പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇഞ്ചക്കാട് കോടിയാട്ടുഭാഗം, കാരൂർ ,വള്ളക്കടവ്,കലയപുരം എന്നിവിടങ്ങളിലെ ഏലകളും കൃഷിയിടങ്ങളും വെള്ളത്തിലായി. പുലമൺ തോട് ഏതു നിമിഷവും കരകവിയുന്ന അവസ്ഥയിലാണ്. പുലമൺ തോടിനു സമീപം താമസിക്കുന്ന ഇരുപതോളം കുടുംബങ്ങളെ പുന:രധിവാസ ക്യാമ്പുകളിലേക്കു മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു.