കരുനാഗപ്പള്ളി: ആലപ്പാട്ട് ഗ്രാമപഞ്ചായത്തിന്റെ സമുദ്ര തീരങ്ങളിൽ കടൽ ആക്രണം രൂക്ഷം. വെള്ളനാതുരുത്ത്, ചെറിയഴീക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ കൂറ്റൻ തിരമാലകൾ കരയിലേക്ക് അടിച്ച് കയറിയതിനെ തുടർന്ന് മണക്കൂറോളം ഇതു വഴിയുള്ള ഗതാഗതം സ്തംഭിച്ചു. സമുദ്ര തീരത്തുള്ള നൂറ് കണക്കിന് വീടുകളിൽ കടൽ വെള്ളം കയറി. കടൽ ഭിത്തികൾ തകർന്ന് കിടക്കുന്ന സ്ഥലങ്ങളിലൂടെയാണ് തിരമാലകൾ കരയിലേക്ക് അടിച്ച് കയറിയത്. തകർന്ന് കിടക്കുന്ന പുലിമുട്ടുകൾക്കും തിരമാലകളെ ചെറുക്കാൻ കഴിയുന്നില്ല. കടൽ ആക്രണം രൂക്ഷമായതിനെ തുടർന്ന് നിരവധി കുടുംബങ്ങൾ ഇന്നലെ ബന്ധു വീടുകളിലേക്ക് താമസം മാറ്റി. സമുദ്ര തീരങ്ങളിലുള്ള നിരവധി വീടുകൾ കടൽ ആക്രണ ഭീഷണിയിലാണ്. കൊവിഡ് 19 നെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുന്നതിൽ നിന്നും നാട്ടുകാർ വിട്ടു നിന്നു.കൂറ്റൻ തിരമാലകൾ കയറി റോഡിൽ നിറഞ്ഞ മണൽക്കൂനകൾ നാട്ടുകാർ വെട്ടി മാറ്റുകയായിരുന്നു. കടൽ ഭിത്തികൾ തകർന്ന് കിടക്കുന്ന ഭാഗങ്ങളിൽ അടിയന്തരമായി കടൽ ഭിത്തികൾ പുനർ നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.