നാടാകെ ദുരിതപ്പെയ്ത്തിൽ മുങ്ങുന്നു
ഇത്തിക്കരയാറും പള്ളിക്കലാറും കരകവിഞ്ഞു
കൊല്ലം: നാല് ദിവസമായി ഇടമുറിയാതെ പെയ്യുന്ന പെരുമഴയിൽ നദികൾ കരകവിഞ്ഞും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയും ജില്ലയിൽ ദുരിതം കനക്കുന്നു. ജനങ്ങളെ മാറ്റി താമസിപ്പിക്കാൻ കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇത്തിക്കരയാറും പള്ളിക്കലാറും രണ്ട് ദിവസമായി കരകവിഞ്ഞ് ജനവാസ മേഖലകളിലൂടെ ഒഴുകുകയാണ്.
ആദിച്ചനല്ലൂർ മൈലക്കാട്ടെ വീടുകളിലേക്ക് ഇത്തിക്കരയാറ്റിലെ വെള്ളം ഇരച്ചെത്തിയതോടെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറിയിലെ പതിനഞ്ചോളം വീടുകളിലേക്കാണ് പള്ളിക്കലാർ കരകവിഞ്ഞൊഴുകിയെത്തിയത്. കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. പെരുമഴ തുടർന്നാൽ നദിയിലെ ജലനിരപ്പ് ഉയർന്ന് കൂടുതൽ വീടുകൾ മുങ്ങാനാണ് സാദ്ധ്യത. കരുനാഗപ്പള്ളി നഗരസഭയിലെ തീരദേശ മേഖലകൾ, ക്ലാപ്പന, ആലപ്പാട്, കുലശേഖരപുരം, കുന്നത്തൂരിലെ പടിഞ്ഞാറെ കല്ലട, ഐത്തോട്ടുവ, പോരുവഴി, മലനട എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. താമസക്കാരെ ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമായി മാറ്റി.
ഇന്നലെ മാത്രം 23 വീടുകൾ മഴയിൽ ഭാഗികമായി തകർന്ന് 8.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം. ഇതോടെ നാല് ദിവസത്തിനുള്ളിൽ ജില്ലയിൽ തകർന്ന വീടുകളുടെ എണ്ണം 288 ആയി. ഇതുവരെ 3.79 കോടി രൂപയുടെ കൃഷി നാശം ഉണ്ടായെന്നാണ് കൃഷി വകുപ്പ് നൽകുന്ന പ്രാഥമിക വിവരം. ഇന്നലെ ജില്ലയിൽ നെൽ കൃഷി നടക്കുന്ന ഹെക്ടർ കണക്കിന് പാടശേഖരങ്ങൾ കൂടി വെള്ളത്തിന
ടിയിലായതിനാൽ നഷ്ടത്തിന്റെ തോത് വർദ്ധിക്കാനാണ് സാധ്യത. കൃഷി ഭവനുകൾ വഴി കർഷകരുടെ പരാതികളും നഷ്ടങ്ങളും തിട്ടപ്പെടുത്തുകയാണ്. മരം വീണ് വൈദ്യുതി തടസപ്പെട്ട 98 ശതമാനം മേഖലകളിലും പ്രതികൂല കാലാവസ്ഥയെ മറികടന്ന് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കെ.എസ്.ഇ.ബിക്കായി.
ദുരിതാശ്വാസ ക്യാമ്പുകൾ
1. ആദിച്ചനല്ലൂർ മൈലക്കാട് പഞ്ചായത്ത് യു.പി.എസ്: രണ്ട് കുടുംബങ്ങളിലെ ആറുപേർ
2. കരുനാഗപ്പള്ളി ജോൺ എഫ്. കെന്നഡി സ്കൂൾ: 45 കുടുംബങ്ങളിലെ 195 അംഗങ്ങൾ
3. കരുനാഗപ്പള്ളി വിദ്യാധിരാജ ആർട്സ് കോളേജ്: 13 കുടുംബങ്ങളിലെ 40 അംഗങ്ങൾ
4. കൊല്ലം പട്ടത്താനം വിമലഹൃദയ സ്കൂൾ: 5 കുടുംബങ്ങളിലെ 11 അംഗങ്ങൾ
കൊവിഡ് പ്രതിരോധം വെല്ലുവിളി
കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കിയാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. വീടുകൾ വെള്ളം കയറി മുങ്ങുമ്പോഴും കൊവിഡ് ഭയന്ന് ക്യാമ്പുകളിലേക്ക് പോകാൻ ജനങ്ങൾ മടിക്കുകയാണ്. മിക്കവരും ബന്ധുവീടുകളിലേക്ക് പോകാനാണ് ശ്രമിക്കുന്നത്.
കൺട്രോൾ റൂമുകൾ
കളക്‌ടറേറ്റ്: 0474 2794002, 2794004
കൊല്ലം താലൂക്ക് ഓഫീസ്: 0474 2742116
കരുനാഗപ്പള്ളി: 0476 2620223
കൊട്ടാരക്കര: 0474 2454623
കുന്നത്തൂർ: 0476 2830345
പത്തനാപുരം: 0475 2350090
പൂനലൂർ: 0475 2222605
''
കല്ലടയാർ, പള്ളിക്കലാർ, ടി.എസ് കനാൽ, കായലുകൾ, പുഞ്ചകൾ എന്നിവിടങ്ങളിലെ ജലനിരപ്പ് അപകടകരമായ തോതിൽ ഉയർന്നിട്ടുണ്ട്. യാത്രയും ദുഷ്കരമായി. തീരദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
ജില്ലാ ഭരണകൂടം