അഞ്ചൽ:മേഖലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു. പക്ഷേ പ്രതിരോധ നടപടികൾക്ക് ഒട്ടും അയവുവരുത്തിയിട്ടില്ല പൊലീസ്. അഞ്ചൽ, ഇടമുളയ്ക്കൽ, അലയമൺ, ഏരൂർ തുടങ്ങിയ പഞ്ചായത്തുകളിൽ മിക്കവാർഡുകളും എതാനും ദിവസം മുമ്പുവരെയും കണ്ടെയ്ൻമെന്റ് സോണുകളിലായിരുന്നു. എന്നാൽ ഇപ്പോൾ ഏരൂർ, ഇടമുളയ്ക്കൽ, അലയമൺ പഞ്ചായത്തുകളിൽ ഒരോ വാർഡും അഞ്ചലിൽ നാല് വാർഡുകളുമാണ് കണ്ടെയ്ൻമെന്റ് സോണിലുള്ളത്. റൂറൽ എസ്.പി. ഹരിശങ്കറിന്റെ നിർദ്ദേശാനുസരണം പൊലീസ് നടപ്പാക്കിയ ശക്തമായ നടപടികളാണ് ഈ മേഖലയിൽ കൊവിഡ് വ്യാപനം ഒരുപരിധിവരെയെങ്കിലും പിടിച്ചുനിർത്താൻ കഴിഞ്ഞത്.
കണ്ടെയ്ൻമെന്റ് സോണുകളിൽ അടിയ്ക്കടി സന്ദർശനം നടത്തി റൂറൽ എസ്.പി. കാര്യങ്ങൾ നിരീക്ഷിക്കുകയും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. കിഴക്കൻ മേഖലയിലെ ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിലും കൊവിഡ് ബാധിതരുടെ എണ്ണവും താഴ്ന്നിട്ടുണ്ട്. ആര്യങ്കാവിൽ രണ്ട് വാർഡുകൾ മാത്രമാണ് ഇപ്പോൾ നിയന്ത്രിത മേഖലയിൽ ഉളളത്. തമിഴ് നാടുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ പഞ്ചായത്തിൽ റൂറൽ എസ്.പി.യുടെ ശക്തമായ ഇടപെടലും കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞതും സർക്കാരിന്റെയും ജനങ്ങളുടെ പ്രശംസയ്ക്കും ഇടയാക്കിയിരുന്നു.
കൊവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ സഹകരണം ഉണ്ടാകണം. കണ്ടെയ്ൻമെന്റ് സോണുകളിൽ ബുദ്ധിമുട്ടുകൾക്ക് ഇടയിലും പൊലീസിന്റെ സേവനം പരമാവധി ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കാര്യങ്ങൾ പാലിക്കാൻ ഓരോരുത്തരും തയ്യാറാകണം. കണ്ടെയ്ൻമെന്റ് സോണുകളിൽ കർക്കശ നിലപാടുകൾതന്നെ പൊലീസിന് സ്വീകരിക്കേണ്ടിവരും.
എസ്.പി. ഹരിശങ്കർ