mazhakeduthy
മഴക്കാലമായതോടെ ചാത്തന്നൂർ കോയിപ്പാട് വരികുളം ഏലായ്ക്ക് സമീപത്തെ വീട്ടിൽ കട്ടിൽ വീട്ടിന്റെ ഉത്തരത്തിൽ കെട്ടിവച്ചിരിക്കുന്ന

ചാത്തന്നൂർ: മഴക്കാറ് ദൃശ്യമാകുമ്പോൾ തന്നെ കട്ടിൽ വീടിന്റെ ഉത്തരത്തിൽ കെട്ടിവയ്ക്കും, മറ്റുള്ള വീട്ടുസാധനങ്ങൾ ഉൾപ്പെടെ മേശകളുടെയും ഉയർന്ന സ്ഥലങ്ങളിൽ കയറ്റിവയ്ക്കും. മഴക്കാലത്തെ അതിജീവിക്കാനുള്ള കോയിപ്പാട് വരികുളം ഏലായ്ക്ക് സമീപമുള്ളവരുടെ കാലാകാലങ്ങളായുള്ള ശീലമാണിത്. വർഷത്തിൽ രണ്ട് വട്ടം ഇവർക്ക് ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിക്കേണ്ടി വരും. ഇക്കുറിയും ക്യാമ്പുകളിലേക്ക് പോകാൻ തയ്യാറായി സാധനങ്ങളുമായി കാത്തിരിക്കേണ്ട അവസ്ഥയാണ്.

വരികുളം ചിറയിൽ നിന്നും ഏലായിൽ നിന്നും ഇത്തിക്കര ആറ്റിലേക്ക് ജലമൊഴുകുന്ന തോടിന് കുറുകെ സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തി സ്വന്തം വസ്തുവിലേക്ക് വഴിയൊരുക്കിയതോടെയാണ് തങ്ങളുടെ ദുരിതം ആരംഭിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മഴക്കാലങ്ങളിൽ ഏലായും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയിലാകും. ഓരോ തവണയും തങ്ങളുടെ ദുരിതമകറ്റണമെന്ന ആവശ്യവുമായി പ്രദേശവാസികൾ അധികൃതരെ സമീപിക്കുന്നുണ്ടെങ്കിലും നടപടികൾ സ്വീകരിക്കാറില്ലെന്ന് ആക്ഷേപമുണ്ട്.
ഭൂമാഫിയയെ സഹായിക്കുന്നതിനായാണ് റീസർവേ നടത്തി കൈയേറ്റം ഒഴിപ്പിക്കാത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൈയേറ്റം ഒഴിപ്പിച്ച് തോട് പൂർവ സ്ഥിതിയിലാക്കിയാൽ മഴക്കാലത്ത് ഏലായിൽ നിന്നുള്ള വെള്ളം ആറ്റിലേക്ക് സുഗമമായി ഒഴുകും. ഇതോടെ പ്രദേശത്തെ വെള്ളപ്പൊക്കത്തിന് ശമനവുമാകും.

 താമസക്കാരെ ഒഴിപ്പിച്ചു

ഇന്നലെ വീടുകളിൽ വെള്ളം കയറിയതോടെ പഞ്ചായത്ത്‌ - റവന്യു അധികൃതരെത്തി താമസക്കാരെ ഒഴിപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകാൻ തയ്യാറാകാത്തവർ പരിസരത്തെ വീടുകളിൽ അഭയം തേടിയിട്ടുണ്ട്.

 തോടിന്റെ വീതി കുറഞ്ഞു

 മുമ്പ് 4 മീറ്രർ വീതി  ഇപ്പോൾ 1 മീറ്റർ

തോട് പകുതിയിൽ അടച്ചതോടെ ബാക്കിയുള്ള ഭാഗവും സ്വകാര്യ വ്യക്തികൾ കൈയേറി. നാല് മുതൽ അഞ്ച് മീറ്റർ വരെ വീതിയുണ്ടായിരുന്ന തോടിന് ഇപ്പോൾ ഒരു മീറ്റർ പോലും വീതിയില്ല.