photo
തകർന്ന് വീണ വീടിന്റെ ഭിത്തികൾ

കരുനാഗപ്പള്ളി: തോരാതെ പെയ്യുന്ന മഴയിലും കാറ്റിലും കരുനാഗപ്പള്ളിയിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ചു. മഴയിൽ ഇന്നലെയും നിരവധി വീടികൾ ഭാഗികമായി തകർന്നു. പന്മന മാവേലി മൂന്നാം വീട് കോളനിയിൽ ഷൈലജയുടെ ഷീറ്റ് മേഞ്ഞ വീട് കാറ്രിൽ തകർന്ന് വീണു. മൊത്തിൽ 50000 രൂപായുടെ നാശനഷ്ടം സംഭവിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.തെക്കുംഭാഗം അരുൺ നിവാസിൽ അജിതയുടെ വീടിന്റെ ഭിത്തികൾ തകർന്ന് വീണു. കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പുത്തൻതെരുവിന് സമീപം റോഡിൽ കെട്ടി നിന്ന വെള്ളം റവന്യൂ ഉദ്യാഗസ്ഥർ എത്തി മുറിച്ച് വിട്ടു. പന്മന പോരൂക്കര 13-ം വാർഡിൽ നിരവിധി വീടുകളിൽ വെള്ളം കയറി. പലകുടുംബങ്ങളും ബന്ധുവീടുകളിലേക്ക് താമസംസ്ം മാറ്റി. കരുനാഗപ്പള്ളി നഗരസഭയുടെ തീരപ്രദേശങ്ങൾ പൂർണ്ണമായും വെള്ളക്കെട്ടിലാണ്, അടണിവേലിക്കുളങ്ങര കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും, ശ്രീവിദ്യാധിരാജ ആർട്ട്സ് ആൻഡ് സയൻസ് കോളേജിലും രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു. കെന്നഡി സ്കൂളിൽ 90 കുടുംബങ്ങളും കോളേജിൽ 10 കുടുംബങ്ങളും ഉണ്ട്. താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്. ശക്തമായി വീശുന്ന കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. ഗ്രാമീണ റോഡുകൾ വെളത്തിനടിയിൽ ആയതിനാൽ പല റോഡുകളിലൂടെയുമുള്ള വാഹന ഗതാഗതം സ്തംഭിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ള നിരവധി വീടുകൾക്കുള്ളിൽ വെള്ളം കയറി. തഴത്തോടുകളും കായലുകളും കരകവിഞ്ഞ് ഒഴുകുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം വലിയുന്നില്ല. കടൽ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകി. തീരപ്രദേശങ്ങളിൽ കഴിയുന്നവർക്ക് വെള്ളക്കെട്ട് കാരണം പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ആർ.രാമചന്ദൻ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ എം.സീനത്ത് ബഷീർ എന്നിവർ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഭക്ഷണം നഗരസഭ വിതരണം ചെയ്തു.