കുന്നത്തൂർ : ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയും കാറ്റും കുന്നത്തൂർ താലൂക്കിൽ വൻ നാശം വിതച്ചു.മഴയിൽ മൂന്ന് വീടുകൾ കൂടി ഇന്നലെ തകർന്നു.പോരുവഴിയിൽ രണ്ടും ശാസ്താംകോട്ടയിൽ ഒരു വീടുമാണ് തകർന്നത്.ഇതോടെ താലൂക്കിൽ 64 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. ശക്തമായ മഴയെ തുടർന്ന് കുന്നത്തൂർ പതിനഞ്ചാം വാർഡിൽ ഷീബ ഭവനിൽ കുഞ്ഞുമോന്റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താണു.ശൂരനാട് വടക്ക്,പടിഞ്ഞാറെ കല്ലട ,മൈനാഗപ്പള്ളി,കുന്നത്തൂർ, പോരുവഴി,ശാസ്താംകോട്ട,ശൂരനാട് തെക്ക് പഞ്ചായത്തുകളിൽ ഹെക്ടർ കണക്കിന് ഏലാകളിൽ വൻ കൃഷി നാശം ഉണ്ടായി.താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിനടിയിലായി.ലൈനുകൾക്ക് മുകളിലേക്ക് മരം വീണും പോസ്റ്റുകൾ തകർന്നും കെ.എസ്.ഇ.ബിക്ക് വൻ നഷ്ടമാണ് ഉണ്ടായത്. ഓണ വിപണി ലക്ഷ്യമിട്ട് നടത്തിയ കൃഷി വ്യാപകമായി നശിച്ചതിനെ തുടർന്ന് കാർഷിക മേഖലയിലും വൻ പ്രതിസന്ധിയാണ്. കല്ലടയാറ്റിൽ ജലനിരപ്പുയർന്നത് കുന്നത്തൂർ, പടിഞ്ഞാറെ കല്ലട പ്രദേശങ്ങളിലെ തീരമേഖലകളിൽ ആശങ്ക വർദ്ധിപ്പിച്ചിരിക്കയാണ്. പള്ളിക്കലാറ്റിൽ ജലനിരപ്പുയർന്നത് ശൂരനാട് വടക്ക് പഞ്ചായത്തിനെ ആശങ്കയിലാക്കി.കരിങ്ങാട്ടിൽ ക്ഷേത്രം ഉൾപ്പടെയുള്ള ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്.കഴിഞ്ഞ തവണ വൻ പ്രളയമാണ് ഈ മേഖലയിൽ ഉണ്ടായത്.പള്ളിക്കലാറ്റിലെ തൊടിയൂർ ഭാഗത്ത് നിർമ്മിച്ച തടയണയാണ് വെള്ളപ്പൊക്കത്തിന് കാരണമാകുന്നതെന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു.പ്രതിഷേധം ശക്തമായതോടെ തടയണ പൊളിച്ചു മാറ്റിയിരുന്നു. എന്നാൽ വീണ്ടും ശൂരനാട് വടക്ക് ഗ്രാമം വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലാണ്.