ചാത്തന്നൂർ: ദിവസങ്ങളായി തുടരുന്ന കാലവർഷത്തിന്റെ ശക്തിയിൽ ചിറക്കര പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഏറ്റവും താഴ്ന്ന ഭാഗങ്ങളായ പോളച്ചിറയിലും പരിസരപ്രദേശങ്ങളിലും ജലനിരപ്പുയരുകയും വീടുകൾക്കും വസ്തുവകകൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
പോളച്ചിറ തൊടിയിൽ വീട്ടിൽ ചെല്ലപ്പന്റെ വീട്ടിൽ വെള്ളം കയറി. പോളച്ചിറ ശ്രീഹരി നിവാസിൽ ഓമനയുടെ വീട് ഇടിഞ്ഞുവീണു. ചിറക്കര സർവീസ് സഹകരണ ബാങ്കിന് സമീപം ബിജുവിന്റെ വീടിന്റെ അടുക്കളഭാഗം ഇടിഞ്ഞുവീണു. ഇതിനിടെ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അധികൃതർ സന്ദർശിച്ചു
ചിറക്കര, പരവൂർ വില്ലേജുകളിലെ മഴക്കെടുതിയിൽ വെള്ളം കയറിയും നാശനഷ്ടങ്ങൾ സംഭവിച്ചതുമായ പ്രദേശങ്ങൾ ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദിപു, വില്ലേജ് ഓഫീസർ ജ്യോതിഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സ്പെഷ്യൽ വില്ലേജ് ഓഫീസർമാരായ ബിനു, ബാബുരാജ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ സിന്ധുമോൾ, ശ്രീലത തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.