കൊല്ലം: കുളക്കട ഗ്രാമ പഞ്ചായത്തിൽ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമെത്തുന്നു. 29.32 കോടി രൂപയുടെ പദ്ധതിയ്ക്ക് അംഗീകാരമായി. 2021ൽ പദ്ധതി പൂർണമായും കമ്മീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കുടിവെള്ളം എത്തിയ്ക്കാൻ കഴിയുംവിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. നബാർഡ് സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. കുളക്കട, പവിത്രേശ്വരം പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിയ്ക്കാൻവേണ്ടി വർഷങ്ങൾക്ക് മുൻപ് തുടങ്ങിവച്ച കുളക്കട-പവിത്രേശ്വരം കുടിവെള്ള പദ്ധതി ഫലംകണ്ടിരുന്നില്ല. എന്നാൽ ഈ പദ്ധതിയുമായി യോജിപ്പിച്ച് പുതിയ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
ആദ്യ സോണിന്റെ ടെണ്ടർ നടപടികൾ തുടങ്ങി.
കല്ലടയാറിന്റെ തീരത്തായി കുളക്കട തെങ്ങമാംപുഴ കടവിലാണ് പമ്പ് ഹൗസും കിണറും സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ നിന്നും വെള്ളം പെരുംകുളത്തെ ട്രീറ്റ്മെന്റ് പ്ളാന്റിലെത്തിച്ച് ശുദ്ധീകരിച്ച ശേഷം പെരുംകുളം പൊങ്ങൻപാറ കൊടിതൂക്കാംമുകളിൽ നിർമ്മിക്കുന്ന ജലസംഭരണിയിലെത്തിച്ചശേഷമാകും പൈപ്പ് ലൈൻവഴി വിതരണം നടത്തുക. മൂന്നുസോണുകളായി തിരിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കുക. ആദ്യ സോണിന്റെ ടെണ്ടർ നടപടികൾ തുടങ്ങി. മഴ മാറിയാലുടൻതന്നെ പൈപ്പ് ഇടുന്ന ജോലികൾ തുടങ്ങും.
ആദ്യ പദ്ധതി ഗുണം ചെയ്തില്ല
കുളക്കട പഞ്ചായത്തിന്റെ ജലക്ഷാമം പരിഹരിക്കാമെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ കുളക്കട-പവിത്രേശ്വരം പദ്ധതി വേണ്ടത്ര ഗുണം ചെയ്തിരുന്നില്ല. പഞ്ചായത്തിലെ വളരെ കുറച്ച് ഭാഗത്ത് മാത്രമേ ഇതിൽ നിന്നും കുടിവെള്ളം വിതരണം ചെയ്യാൻ കഴിഞ്ഞുള്ളൂ. കൂടുതൽ സ്ഥലത്തേക്ക് പൈപ്പ് ലൈൻ ദീർഘിപ്പിക്കാനുള്ള ശ്രമവും പാളിയപ്പോഴാണ് പുതിയ പദ്ധതി എന്ന ആശയം ഉടലെടുത്തത്.
പുതിയ ജലസംഭരണി സ്ഥാപിക്കുന്നു
കുളക്കട- പവിത്രേശ്വരം കുടിവെള്ള പദ്ധതിയ്ക്കായി പവിത്രേശ്വരം പൊരീയ്ക്കലിലാണ് ജലസംഭരണി സ്ഥാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പൊങ്ങൻപാറ കൊടിതൂക്കാംമുകളിൽ ജലസംഭരണി നിർമ്മിക്കാനാണ് തീരുമാനം. രണ്ട് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണിയാണ് നിർമ്മിക്കുക. ഇതിനായി അഞ്ചര സെന്റ് ഭൂമി വിലയ്ക്ക് വാങ്ങി ജലവിഭവ വകുപ്പിന് കൈമാറിക്കഴിഞ്ഞു. പഞ്ചായത്തംഗങ്ങൾ ഇതിനായി ഓണറേറിയം സംഭാവന ചെയ്തത് ശ്രദ്ധേയമായി. ഭരണസമിതി പ്രത്യേകമായി സ്വരൂപിച്ച തുകയും ഉപയോഗിച്ച് ഭൂമി വാങ്ങുകയായിരുന്നു.