ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു
ചാത്തന്നൂർ: പൊതുവഴി കൈയേറി മതിൽകെട്ടാനുള്ള സ്വകാര്യ വ്യക്തിയുടെ നടപടി നാട്ടുകാർ തടഞ്ഞു. കോഷ്ണക്കാവ് കൊല്ലായക്കൽ ജംഗ്ഷനിൽ നിന്ന് ഇടനാട് പോകുന്ന റോഡിൽ രണ്ട് മീറ്റർ വീതിയിലാണ് സ്വകാര്യവ്യക്തി പൊതുവഴി കൈയേറിയതെന്ന് നാട്ടുകാർ ആരോപിച്ചു.
പ്രദേശത്തെ ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ആളില്ലാത്ത സമയം നോക്കി ഒരു രാത്രിയും പകലും കൊണ്ടാണ് നിർമ്മാണം ആരംഭിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ ബി.ജെ.പി പ്രവർത്തകരാണ് ആദ്യം നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞത്. തുടർന്ന് നാട്ടുകാരും സംഘടിച്ചെത്തി.
പൊലീസിനെയും വില്ലേജ് - പഞ്ചായത്ത് അധികൃതരെയും നാട്ടുകാർ വിവരം അറിയിച്ചു. തുടർന്ന് വില്ലേജ് അധികൃതരെത്തി സ്റ്റോപ്പ് മെമ്മോ നൽകി. പൊതുസ്ഥലം കൈയേറിയതിനെതിരെ പൊലീസ് കേസെടുത്തു.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തൊഴിലാളികളെ നിറുത്തി നടന്ന നിർമ്മാണം അന്വേഷിക്കണം. റീസർവേ നടത്തി വഴി പൂർവ്വസ്ഥിതിയിലാക്കണം.
ബി.ജെ.പി ചാത്തന്നൂർ പഞ്ചായത്ത് സമിതി