പാരിപ്പള്ളി: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ജലജീവൻ മിഷന്റെ സൗജന്യ കുടിവെള്ള പദ്ധതി കല്ലുവാതുക്കൽ പഞ്ചായത്ത് ഉപേക്ഷിച്ചതായി ആക്ഷേപം.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ പഞ്ചായത്തിൽ ആയിരം കുടിവെള്ള കണക്ഷൻ നൽകുന്നതിനായി 1.25 കോടി രൂപയാണ് ജലവിഭവ വകുപ്പ് വകയിരുത്തിയത്. പദ്ധതി നിർവഹണത്തിനായി 19 ലക്ഷത്തോളം രൂപ പഞ്ചായത്ത് ചെലവഴിക്കണം. കഴിഞ്ഞ ജൂൺ 26ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റിയുടെ അജണ്ടയിൽ ഇക്കാര്യം ഉൾപ്പെടുത്തി ചർച്ചയ്ക്ക് വന്നെങ്കിലും തീരുമാനമെടുക്കാതെ ഉപേക്ഷിക്കുകയായിരുന്നു.
സൗജന്യ കണക്ഷന് അർഹരായവരുടെ പട്ടികയും അനുബന്ധ രേഖകളും നൽകണമെന്ന് കാട്ടി ജല അതോറിറ്റി അസി. എക്‌സി. എൻജിനീയർ ജൂണിലും ആഗസ്റ്റിലും പഞ്ചായത്തിന് കത്ത് നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ല. ജൂലായ് 30ന് ജില്ലാ ആസൂത്രണ സമിതിക്ക് പഞ്ചായത്തിൽ നിന്ന് സമർപ്പിച്ച പുതുക്കിയ പദ്ധതികളിലും കുടിവെള്ള പദ്ധതി ഉൾപ്പെടുത്തിയിട്ടില്ല.
പുനഃപരിശോധിക്കണം
പഞ്ചായത്തിലെ നിർദ്ധനരായ കോളനിവാസികൾക്ക് സൗജന്യമായി കുടിവെള്ളം എത്തിക്കാൻ കഴിയുന്ന പദ്ധതിയാണ് അധികൃതരുടെ അനാസ്ഥമൂലം നഷ്ടമായത്. തീരുമാനം പുനപരിശോധിച്ച് സത്വര നടപടി സ്വീകരിക്കണം.
സിമ്മിലാൽ
പഞ്ചായത്തംഗം, കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ
പദ്ധതി നടപ്പിലാക്കും
പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 26ന് വാട്ടർ അതോറിറ്റിക്ക് സമ്മതപത്രം നൽകിയിട്ടുണ്ട്. എന്നാൽ ഫണ്ട് വകയിരുത്തിയിട്ടില്ല. ജില്ലാ ആസൂത്രണ സമിതി റിവിഷനിൽ പദ്ധതി ഉൾപ്പെടുത്തി ഫണ്ട് വകയിരുത്തും.
സെക്രട്ടറി, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്
50 ലക്ഷം ഭവനങ്ങൾ, 69 പഞ്ചായത്തുകൾ
സംസ്ഥാനത്ത് 50 ലക്ഷം ഗ്രാമീണ ഭവനങ്ങളിൽ സൗജന്യമായി പൈപ്പ്ലൈൻ വഴി ശുദ്ധജലം എത്തിക്കുന്ന പദ്ധതി ജില്ലയിലെ 69 പഞ്ചായത്തുകളിലാണ് നടപ്പാക്കുന്നത്. കേന്ദ്രം - 45 ശതമാനം, സംസ്ഥാനം - 30, തദ്ദേശസ്ഥാപനം - 15, ഗുണഭോക്താവ് - 10 എന്നിങ്ങനെയാണ് പദ്ധതി വിഹിതം.