വെള്ളക്കയറ്റം രൂക്ഷമാകുന്നു
പൊഴി മുറിച്ച് വെള്ളം തുറന്ന് വിടണമെന്ന് ആവശ്യം
ചാത്തന്നൂർ: കാലവർഷമെത്തിയതോടെ ചിറക്കര പഞ്ചായത്തിലെ കർഷകർ ഭീമമായ നഷ്ടം സഹിക്കേണ്ട ദുരവസ്ഥയിൽ. ഇത്തിക്കരയാറിൽ നിന്ന് മാലാക്കായലിലേക്കുള്ള ജലമൊഴുക്ക് കൂടിയതോടെ ചിറക്കര പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കുത്തിയൊലിച്ചെത്തുന്ന ജലം പോളച്ചിറ ഏലായിലേക്ക് കയറി കുഴുപ്പിൽ, ഉളിയനാട്, പാണിയിൽ, ചിറക്കര ചിറക്കരത്താഴം ഏലാകളും മുങ്ങി.
ഇതോടെ കുഴുപ്പിൽ ഏലായിലെ നെൽക്കൃഷിയും പച്ചക്കറി, വാഴ, മരച്ചീനി, മത്സ്യ കൃഷികളും വെള്ളത്തിലായി. കതിരായി തുടങ്ങിയ കുഴുപ്പിൽ ഏലായിലെ നെൽക്കൃഷി കർഷകർക്ക് ഭാരിച്ച നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ലക്ഷകണക്കിന് രൂപയുടെ മരച്ചീനിയാണ് കുഴുപ്പിൽ ഏലായിൽ വെള്ളത്തിനടിയിലായത്.
കാലവർഷം ശക്തിപ്പെടുന്നതോടെ പോളച്ചിറയുടെ പരിസര പ്രദേശങ്ങൾ മുഴുവൻ വെള്ളം കയറുന്ന അവസ്ഥയിലാണ്. പൊഴിക്കര പൊഴി മുറിച്ചാലേ ഈ പ്രദേശങ്ങളിലേക്കുള്ള വെള്ളംക്കയറ്റം നിയന്ത്രിക്കാനാകൂ. അടിയന്തരമായി പൊഴി മുറിക്കുന്നതിനാവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാരും കർഷകരും ആവശ്യപ്പെടുന്നു.