nedumpana
നെടുമ്പന മുട്ടക്കാവ് മുളവറ കുന്നത്ത് സ്വകാര്യ വ്യക്തിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ നിലയിൽ

 മയ്യനാടും മൈലക്കാടും വെള്ളപൊക്ക ഭീഷണി

 നിരവധി കുടുംബങ്ങളെ ഒഴിപ്പിച്ചു

കൊട്ടിയം: നെടുമ്പന മുട്ടയ്ക്കാവിൽ കുന്നുകൾ ഇടിഞ്ഞുവീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തകർന്ന വീടുകളിലെ കുടുംബങ്ങളെ മുട്ടയ്ക്കാവ് ഗവ.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മയ്യനാട് താന്നി, മുക്കം, ധവളക്കുഴി അടക്കം പല സ്ഥലങ്ങളിലും മൈലക്കാട് കാഞ്ഞിരംകടവ്, മൂഴിയിലും ഇത്തിക്കര ആറിന്റെ തീരപ്രദേശങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ട്. ഇവിടെ നിന്നുള്ള കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.
മുട്ടയ്ക്കാവ് പതിനാലാം വാർഡിലെ മുഴങ്ങോടി പൊയ്ക, ശിവൻകുന്ന്, മുളവറക്കുന്ന് ഭാഗങ്ങളിലാണ് ശക്തമായ മഴയിൽ ഉരുൾപൊട്ടലിന് സമാനമായി കുന്നുകൾ ഇടിഞ്ഞ് മണ്ണും വെള്ളവും വീടുകൾക്ക് മുകളിലേക്ക് പതിച്ചത്. ഇവിടെ നിരവധി വീടുകൾ അപകട ഭീഷണിയിലാണ്. മുഴങ്ങോടി പൊയ്കയിൽ കൊച്ചുപുത്തൻവീട്ടിൽ മുഹമ്മദ് ഷാഫിയുടെ ടെറസ് വീടിന് മുകളിലേക്ക് വളരെ ഉയരത്തിൽ നിന്ന് കനാൽ പുറമ്പോക്കിന്റെ മണ്ണ് ഇടിഞ്ഞുവീണു. വലിയ ശബ്ദത്തോടെയാണ് മണ്ണിടിഞ്ഞ് വീണത്. വീടിന്റെ ഭിത്തികൾക്ക് സാരമായ കേടുപാടുകൾ പറ്റി. ജനാല ചില്ലുകൾ പൊട്ടിത്തെറിച്ച് മണ്ണ് വീടിനുള്ളിലേക്കും പതിച്ചു.

താഴ്ന്ന പ്രദേശമായ പ്രദേശത്ത് പല വീടുകളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. മുട്ടയ്ക്കാവ് മുളവറക്കുന്ന് ഭാഗത്ത് എട്ട് കുടുംബങ്ങളെ പഞ്ചായത്ത് എൽ.പി സ്കൂളിലേക്ക് മാറ്റി. സംസ്ഥാന പാതയ്ക്കരികിൽ കുണ്ടുമണിനടുത്തും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. വെളിച്ചിക്കാല എം.ഇ.എസ് ജംഗ്ഷൻ സബീന മൻസിലിൽ കരിംകുട്ടിയുടെ വീടിനോട് ചേർന്നുള്ള കരിങ്കൽകെട്ട് തകർന്നുവീണതോടെ വീട് അപകടാവസ്ഥയിലായി. 35 അടിയോളം ഉയരമുള്ള കൽക്കെട്ടാണ് തകർന്നത്.

നെടുമ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നാസറുദ്ദീൻ, പഞ്ചായത്ത് അംഗങ്ങളായ മൺസൂർ, ആസാദ് നാൽപ്പങ്ങൽ, ഷീലാ ദുഷന്തൻ, സജീവ് കുളപ്പാടം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാഹിദാ ഷാനവാസ്, ഡി.സി.സി അംഗം ആസാദ്, നാസറുദ്ദീൻ, വില്ലേജ് ഓഫീസർ ആശാലത എന്നിവർ ദുരന്തമേഖലകൾ സന്ദർശിച്ചു.