photo

കൊല്ലം: അവയവ ദാനത്തിലൂടെ എട്ട് പേർക്ക് പുതുജീവൻ നൽകി നാടിന് മാതൃകയായ അനുജിത്തിന്റെ കുടുംബത്തിന് ആശ്വാസമേകി അഗ്നിരക്ഷാസേന. അഗ്നിരക്ഷാസേനയും സേനയുടെ സിവിൽ ഡിഫൻസ്‌ അംഗങ്ങളും സമാഹരിച്ച 9,36,000 രൂപ അനുജിത്തിന്റെ ഭാര്യ പ്രിൻസിക്കും മകൻ എഡ്വിനും കൈമാറി. സേനാമേധാവി ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സംഘം അനുജിത്തിന്റെ കുളക്കടയിലെ വീട്ടിലെത്തിയാണ് തുക കൈമാറിയത്. അഗ്നിരക്ഷാസേന ടെക്‌നിക്കൽ ഡയറക്ടർ എം നൗഷാദ്, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഇൻ ചാർജ് അരുൺ അൽഫോൺസ്, സിവിൽ ഡിഫൻസ് ഡയറക്ടർ വി സിദ്ധകുമാർ, ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാർ, കൊട്ടാരക്കര സ്റ്റേഷൻ ഓഫീസർ ടി ശിവകുമാർ, സിവിൽ ഡിഫൻസ് സ്റ്റേഷൻ ഓഫീസർ കെ എൻ ഷാജി, കൊട്ടാരക്കര സിവിൽ ഡിഫൻസ് വളന്റിയർ ഡെപ്യൂട്ടി വാർഡൻ പ്രേംചന്ദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കൊട്ടാരക്കര ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സിവിൽ ഡിഫൻസ് വാളണ്ടിയറായിരുന്നു അനുജിത്ത്. ജൂലൈ 14ന്‌ രാത്രി 10ന്‌ നടന്ന വാഹന അപകടത്തിൽ അനുജിത്തിന് മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. തുടർന്ന് അനുജിത്തിന്റെ കൈകൾ അടക്കമുള്ള അവയവങ്ങൾ ദാനം ചെയ്തത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. അനുജിത്തിന്റെ മരണത്തോടെ കഷ്ടതയിലായ കുടുബത്തിനെ സഹായിക്കാൻ ഇരുമ്പനങ്ങാട് എ.ഇ.പി ക്ലബിന്റെ നേൃത്വത്തിൽ കൂട്ടൂകാർ മുന്നിട്ടിറങ്ങി, സമാഹരിച്ച തുക ഉപയോഗിച്ച് കുടുംബത്തിന്റെ കടബാദ്ധ്യതകൾ തീർത്തിരുന്നു. ഇരുമ്പനങ്ങാട് സ്വദേശി വിഷ്ണുവിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ആർമി മെഡിക്കൽ കോർപ്സിലെ 2009 ബാച്ചിലെ സൈനികരും പൂനെ കിർക്കീ മിലിറ്ററി ആശുപത്രിയിലെ സൈനികരും ചേർന്ന് 60,000 രൂപയും കൊട്ടാരക്കര സൂര്യ ഫാൻസ് അസോസിയേഷൻ 25,000 രൂപയും, എ.ഇ.പി.എം സ്കൂൾ 2004-2006 പ്ലസ്ടു ബാച്ച് 30,500 രൂപയും അനുജിത്തിന്റെ കുടുംബത്തിന് നൽകിയിരുന്നു.