lilly

കൊല്ലം: ഉരുൾപൊട്ടലിനെ തുടർന്ന് നിരവധിപേർ മരണപ്പെട്ട മൂന്നാർ രാജമല പെട്ടിമുടിയിൽ മണ്ണിനടിയിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കാൻ സഹായിച്ച ഡോഗ് സ്ക്വാഡിലെ മായയെന്ന് വിളിക്കുന്ന ലില്ലിയെ ഇപ്പോൾ കേരള പൊലീസിനൊപ്പം ആദരവോടെ നോക്കുകയാണ് കേരളം. ഇന്ത്യയിലാദ്യമായി ദുരന്തത്തിനിരയായവരുടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള നിയോഗത്തിന് പിന്നിൽ ലില്ലിയുടെ സവിശേഷ ഘ്രാണശേഷിയ്ക്കൊപ്പം മാസങ്ങൾ നീണ്ട കഠിന പരിശ്രമത്തിന്റെ പാഠം കൂടിയുണ്ട്. ദുരന്ത താണ്ഡവത്തിനൊടുവിൽ ചെളിയും വെള്ളവും കുഴഞ്ഞ മണ്ണിൽ മൃതദേഹങ്ങൾ കണ്ടെത്തിയ ലില്ലിയുടെ കഴിവിനൊപ്പം പരിശീലകരുടെ പരിശ്രമവും അംഗീകരിക്കപ്പെടേണ്ടതാണ്. കേരള പൊലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ ബെൽജിയം മെലിനോയിസ് വിഭാഗത്തിൽപ്പെട്ട പത്ത് മാസം മാത്രം പ്രായമുള്ള നായയാണ് മണ്ണിനടിയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയ ലില്ലി. തൃശൂർ പൊലീസ് അക്കാ‌ഡമിയിൽ ഒമ്പത് മാസം നീളുന്ന പരിശീലനത്തിനിടെയാണ് ലില്ലിയെയും കൂട്ടുകാരി ഡോണയെയും പ്രത്യേക ദൗത്യത്തിനായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പെട്ടിമുടിയിലേക്ക് അയച്ചത്.

pettimala

കഴിഞ്ഞ പ്രളയകാലത്ത് കവളപ്പാറയിലും പുത്തുമലയിലുമുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് പ്രകൃതി ദുരന്തങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് പൊലീസ് നായയെ ഉപയോഗിക്കാനുള്ള പരിശീലന പദ്ധതി കേരള പൊലീസ് ആവിഷ്കരിച്ചത്. അച്ചടക്കമുൾപ്പെടെയുള്ള ബേസിക് ട്രെയിനിംഗിനുശേഷം പരീക്ഷണമെന്ന നിലയിലാണ് ലില്ലിയെയും ഡോണയേയും ദുരന്തഭൂമികളിലെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട പരിശീലനത്തിന് വിട്ടുകൊടുത്തത്. മാസ്റ്റർ ട്രെയിനറായ രമേശിന്റെ മേൽനോട്ടത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.ജി.സുരേഷായിരുന്നു പരിശീലകൻ. ഹാന്റ്ലർമാരായ പി. പ്രഭാതും ജോർജ് മാനുവലുമായിരുന്നു ലില്ലിയുടെയും ഡോണയുടെയും പരിശീലനത്തിന്റെ സഹായികൾ.

കുഴിയിൽ ആളെ ഒളിപ്പിച്ച് പരിശീലനം

വൻ കുഴികളെടുത്തശേഷം അതിനുള്ളിൽ വീപ്പകളിലും മറ്റും മനുഷ്യരെ ഒളിപ്പിച്ച് പലകയും മണ്ണുമിട്ട് മൂടിയശേഷം മണ്ണിനടിയിൽ നിന്ന് ആളുകളെ മണത്ത് കണ്ടെത്താൻ പരിശീലിപ്പിച്ചായിരുന്നു തുടക്കം. ഒളിഞ്ഞിരിക്കുന്ന ആളുടെ മണമുള്ള ഏതെങ്കിലും വസ്തു മണക്കുന്നതിനൊപ്പം മനുഷ്യന്റെ ചൂടും ചൂരും ഗ്രസിച്ചറിയാനുള്ള നായയുടെ സവിശേഷമായ കഴിവുകൂടി പ്രയോജനപ്പെടുത്തിയാണ് പരിശീലനം. മണ്ണിനടിയിൽ മനുഷ്യർ ജീവനോടെയുണ്ടെങ്കിൽ അഞ്ച് മണിക്കൂർ വരെ തുടർച്ചയായി തെരച്ചിൽ നടത്തി കണ്ടുപിടിക്കാൻ ലാബ്രഡോർ വിഭാഗത്തിൽപ്പെട്ട ഡോണയ്ക്ക് കഴിയും.

പരിശീലനം കടുകട്ടി

ദുരന്തങ്ങളിൽപ്പെട്ട് കാണാതായവരെ കണ്ടെത്തുന്നത് പോലെ ദുഷ്കരമാണ് ഇതിനായുള്ള പരിശീലനവും. ആശുപത്രികളിൽ നിന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം നീക്കം ചെയ്യുന്ന ശരീരഭാഗങ്ങളും ഓപ്പറേഷൻ തിയേറ്ററിലും മോർച്ചറികളും മറ്റും ഉപയോഗിക്കുന്ന തീഷ്ണ മാംസഗന്ധമുള്ള പഞ്ഞികൾ, രക്തം, ചലം എന്നിവ മണത്തായിരുന്നു ലില്ലിയുടെ പരിശീലനം. പരിശീലകർക്കും നായയ്ക്കും മാരക രോഗപകർച്ചകൾക്ക് സാദ്ധ്യതയുള്ള പരിശീലന രീതിയാണിത്. മനുഷ്യമാംസത്തിന്റെ അഴുകിയ ഗന്ധം മണത്തറിഞ്ഞ് പത്തും ഇരുപതും അടി താഴ്ചയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്താൻ ലില്ലിയ്ക്ക് കഴിയും.

പഞ്ചാബ് പൊലീസിന്റെ പരിശീലന കേന്ദ്രത്തിൽ നിന്നാണ് ലില്ലിയേയും ഡോണയേയും വാങ്ങിയത്. മത്സ്യമുൾപ്പെടെ ഇഷ്ടഭക്ഷണങ്ങളോ മറ്റ് ഗന്ധങ്ങളോ സ്വാധീനിക്കാതെ ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ദിവസങ്ങൾ നീണ്ട തുടർച്ചയായ പരിശീലനമാണ് ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിച്ച് വിജയം കാണാൻ ഇവയെ പ്രാപ്തരാക്കിയത്. കാടിനുള്ളിലെ തെരച്ചിലിനും വിധ്വംസക പ്രവർത്തനങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെത്തുന്നതിനും ബാച്ചിലെ മറ്റ് നായ്ക്കൾക്കും പരിശീലനം നൽകുന്നുണ്ട്. കളവ്, കൊലപാതകം മുതലായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുളള വിദഗ്ദ്ധ പരിശീലനവുമുണ്ട്.

pettimala

മയക്കുമരുന്നും പിടിക്കും

കേരള പൊലീസിലെ എട്ട് നായ്ക്കൾക്ക് മയക്കുമരുന്ന് കണ്ടെത്താൻ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. പരിശീലനം കഴിഞ്ഞ് വിവിധ ജില്ലകളിൽ നിയോഗിക്കപ്പെട്ട ഇവ ഇതിനകംതന്നെ അഞ്ച് കേസുകൾ കണ്ടെത്തിക്കഴിഞ്ഞു. പരിശീലനത്തിനുള്ള 35 എണ്ണമുൾപ്പെടെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 185 നായ്ക്കളാണ് കേരള പൊലീസിന്റെ ഡോഗ് സ്ക്വാഡിലുള്ളത്. കൂടാതെ സേനയിൽ നിന്ന് വിരമിക്കുന്ന നായ്ക്കളുടെ വിശ്രമകേന്ദ്രമായ തൃശൂർ കേരള പൊലീസ് അക്കാദമിയിലെ വിശ്രാന്തിയിൽ 19 നായ്ക്കൾ വിശ്രമജീവിതം നയിക്കുന്നുമുണ്ട്.