market

 30 സെന്റോളം പുറമ്പോക്ക് ഭൂമി കൈയേറി

കൊല്ലം: അയത്തിൽ ജംഗ്ഷനിൽ സർക്കാർ ഭൂമി കൈയേറി അനധികൃതമായി സ്വകാര്യ ചന്ത പ്രവർത്തിപ്പിക്കുന്നതായി ആരോപണം. അയത്തിൽ ജംഗ്ഷനിൽ കണ്ണനല്ലൂർ ബസ് സ്റ്റാൻഡിനോട് ചേർന്നാണ് 30 സെന്റോളം തോട് പുറമ്പോക്ക് ഭൂമി കൈയേറിയിരിക്കുന്നത്.

ഒരു വർഷം മുമ്പ് അയത്തിലിന് സമീപം ബൈപ്പാസ് റോഡിൽ അനധികൃതമായി സ്വകാര്യ ചന്ത പ്രവർത്തിച്ചിരുന്നു. നഗരസഭ ചന്ത ഒഴിപ്പിച്ചതോടെ രാവിലെയുള്ള കച്ചവടക്കാർ പുന്തലത്താഴം, പള്ളിമുക്ക് ചന്തകളിലേക്ക് പോയി. പക്ഷെ ദിവസങ്ങൾക്ക് ശേഷം വൈകിട്ടുള്ള കച്ചവടക്കാർക്കായി സ്വകാര്യ വ്യക്തി സർക്കാർ ഭൂമിയിൽ ചന്ത ഒരുക്കുകയായിരുന്നു.

ദിവസേന വൈകിട്ട് കുറഞ്ഞത് നൂറ് കച്ചവടക്കാരെങ്കിലും ഇവിടെയുണ്ടാകും. തൊട്ടുചേർന്നുള്ള ഹോട്ടലും സർക്കാർ ഭൂമി കൈയേറി നിർമ്മിച്ചതാണെന്നും ആരോപണമുണ്ട്.

 കൈയേറ്റം കാടുമൂടിയ പ്രദേശം വെട്ടിത്തെളിച്ചതിന് പിന്നാലെ

 ഗതാഗത തടസം സൃഷ്ടിച്ച് പാർക്കിംഗ്

നേരത്തെ ഈ സ്ഥലം കാടുമൂടി കിടന്നതായിരുന്നു. പൊതുസ്ഥലങ്ങളിൽ യോഗങ്ങൾ നടത്താൻ പാടില്ലെന്ന ഉത്തരവ് വന്നതിന് പിന്നാലെ ഈ ഭാഗത്തെ കാട് വെട്ടിത്തളിച്ച് പ്രമുഖ രാഷ്ട്രീയ പാർട്ടി യോഗം സംഘടിപ്പിച്ചു. ഇതിന് പിന്നാലെയാണ് സ്വകാര്യ വ്യക്തി സ്ഥലം കൈയേറിയത്.

ഈ ഭാഗത്തുണ്ടായിരുന്ന പൊതുകിണറും ഇപ്പോൾ കാണ്മാനില്ല. കണ്ണന്നല്ലൂർ ഭാഗത്തേക്കുള്ള ബസുകൾ ഈ ഭാഗത്ത് നിറുത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. വൈകിട്ട് ചന്തയിലെത്തുന്നവരുടെ വാഹനങ്ങൾ കൂടി റോഡ് വക്കിൽ നിരക്കുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നുണ്ട്.

 പരാതിക്കാർക്ക് ഭീഷണി

സ്വകാര്യ ചന്തയ്ക്കും സമീപത്തെ ഹോട്ടലിനുമെതിരെ നാട്ടുകാർ പലതവണ നഗരസഭയ്ക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കൈയേറ്റത്തിനെതിരെ വില്ലേജ് ഓഫീസിൽ പരാതിയുമായി എത്തുന്നവരെ ചന്തയുടെ നടത്തിപ്പുകാർ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്. ചന്തയിലെത്തുന്ന കച്ചവടക്കാരിൽ നിന്ന് നടത്തിപ്പുകാരൻ വൻതുകയാണ് തറവാടകയായി വാങ്ങുന്നത്.

'' സമീപവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് തവണ ചന്ത ഒഴിപ്പിച്ചതായിരുന്നു. വീണ്ടും ചന്ത തുടങ്ങി. ഇതോടെ അവിടെ നിന്ന് ഒഴിഞ്ഞുപോകണമെന്ന് കച്ചവടക്കാരോട് നേരിട്ട് അഭ്യർത്ഥിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. പൊലീസിനോടും പരാതിപ്പെട്ടിരുന്നു.''

ടി. ലൈലകുമാരി (നഗരസഭാ കൗൺസിലർ)