ഉത്തരാഖണ്ഡിൽ അപൂർവ ഇനം പാമ്പിനെ കണ്ടെത്തി. ചുവപ്പ് നിറത്തിലുള്ള ഉടലും കൂർത്തു വളഞ്ഞ പല്ലുകളുമുളള പാമ്പിനെയാണ് കണ്ടെത്തിയത്.
ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലുള്ള ഒരു വീട്ടിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. ഗൂർഖകൾ ഉപയോഗിക്കുന്ന കത്തിക്ക് സമാനമായ ആകൃതിയിൽ കൂർത്ത് വളഞ്ഞ പല്ലുകളുളള റെഡ് കോറൽ കുക്രി ഇനത്തിൽപ്പെട്ട പാമ്പിനെയാണ് പിടിച്ചത്. നൈനിറ്റാളിലെ ബിന്ദുഘാട്ട മേഖലയിലുള്ള ഒരു വീട്ടിൽ പാമ്പ് കയറിയെന്ന് അറിഞ്ഞപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എന്നാൽ അതിനു മുൻപേ തന്നെ പ്രദേശവാസികൾ പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് സഞ്ചിയിലാക്കിക്കഴിഞ്ഞിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് അത് അപൂർവ ഇനത്തിൽപ്പെട്ട പാമ്പാണെന്ന് തിരിച്ചറിഞ്ഞത്. ഉദ്യോഗസ്ഥർ തന്നെ പാമ്പിനെ വനമേഖലയിലെത്തിച്ചു തുറന്നു വിട്ടു.
1936ൽ ഉത്തർപ്രദേശിലെ ലക്ഷംപൂർ മേഖലയിലാണ് ഈ ഇനത്തിൽപ്പെട്ട പാമ്പിനെ ആദ്യമായി കണ്ടെത്തിയത്. ഇതിനു മുൻപ് രണ്ടു തവണ മാത്രമാണ് ഉത്തരാഖണ്ഡിൽ ഇവയെ കണ്ടെത്തിയിട്ടുള്ളത്. വിഷമില്ലാത്തയിനം പാമ്പാണിതെന്ന് വിദഗ്ധർ പറയുന്നു.. ഈ വിഭാഗത്തിൽ പെട്ട പാമ്പുകൾ രാത്രികാലങ്ങളിലാണ് ഇര തേടിയിറങ്ങുന്നത്. ചെറിയ പ്രാണികളും വിരകളുമൊക്കെയാണ് ഇവയുടെ ഭക്ഷണം. ചുവപ്പും ഓറഞ്ചും കലർന്ന നിറമായതിനാലാണ് ഇവയ്ക്ക് ഈ പേരു ലഭിച്ചത്. ഇവയുടെ കൂർത്ത് വളഞ്ഞ പല്ലുകൾക്ക് നേപ്പാളിൽ ഉപയോഗിക്കുന്ന കുക്രി എന്ന കത്തിയുമായി സാമ്യമുണ്ട്. അതുകൊണ്ടാണ് അവ റെഡ് കോറൽ കുക്രി എന്നറിയപ്പെടുന്നത്