കൊല്ലം: കൊല്ലം കോർപ്പറേഷനിലെ മിനിട്സ് തിരുത്തൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു. കൊല്ലത്തിന്റെ ഹൃദയഭാഗത്തുള്ള നഗരസഭയുടെ 1.37ഏക്കർ ഭൂമി കാണ്മാനില്ലെന്ന് പറഞ്ഞാണ് പോസ്റ്റർ.
കോർപ്പറേഷൻ മിനിട്സ് തിരുത്തിയതിന് പിന്നിൽ കോടികളുടെ അഴിമതിയാണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ പറഞ്ഞു. അസംബ്ലി പ്രസിഡന്റ് പിണയ്ക്കൽ ഫൈസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ്, ഷഫീഖ് കിളികൊല്ലൂർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ, ഷാസലിം, സുധീർ കൂട്ടുവിള എന്നിവർ നേതൃത്വം നൽകി.
കോർപ്പറേഷന്റെ 1.37 ഏക്കർ ഭൂമി അടിയന്തരമായി അളന്ന് തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നഗരസഭാ സെക്രട്ടറിക്ക് കത്തും നൽകി.