കരുനാഗപ്പള്ള: ആലപ്പാട്ട് കടൽത്തീരം സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കുഴിത്തുറ 2326-ം നമ്പർ ശാഖാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ കാര്യമായ തരത്തിൽ സമുദ്രതീരം സംരക്ഷണം നടത്തിയിട്ടില്ല. പഞ്ചായത്തിൽ ഉടനീളം ഉണ്ടായിരുന്ന കരിങ്കൽ ഭിത്തികൾ പൂർണമായും തകർന്ന് കിടക്കുന്നു. തീര സംരക്ഷണത്തിന് വേണ്ട് നിർമ്മിച്ച പുലിമുട്ടുകളുടെ സ്ഥിതിയും മറിച്ചല്ല. കഴിഞ്ഞ ദിവങ്ങളിൽ ഉണ്ടായ ശക്തമായ കടൽ ആക്രമണത്തിൽ വലിയ നാശനഷ്ടമാണ് സംഭവിച്ചത്. തീരസംരക്ഷണ ഭിത്തികൾ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കുന്നതിൽ ബന്ധപ്പെട്ടവർ കാണിച്ച അനാസ്ഥയാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് യോഗം ആരോപിച്ചു. തകർന്ന് കിടക്കുന്ന സംരക്ഷണ ഭിത്തികളും പുലിമുട്ടുകളും പുനരുദ്ധരിക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന പ്രമേയവും യോഗം പാസാക്കി. യോഗത്തിൽ ശാഖാ പ്രസിഡന്റ് സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെ.ആനന്ദൻ, വൈസ് പ്രസിഡന്റ് ദിനേശൻ, കമ്മിറ്റി അംഗങ്ങളായ സന്തോഷ്, സോണിയ എന്നിവർ പങ്കെടുത്തു.