the
തേവലക്കര ഗവ..സിദ്ധ ഡിസ്പൻസറി

കൊല്ലം:ആതുരസേവനരംഗത്ത് അരനൂറ്റാണ്ട് പിന്നിടുകയാണ് തേവലക്കര ഗവ.സിദ്ധ ഡിസ്പൻസറി. തേവലക്കര ഗ്രാമപഞ്ചായത്തിലെ പാലയ്ക്കൽ വാർഡിലാണ് ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിലുള്ള ഏക സിദ്ധാ ആശുപത്രി സ്ഥിതി ചെയ്യുന്നത്.സോറിയാസിസ് പോലെ മാറാവ്യാധികളായ ത്വക്ക് രോഗങ്ങളും വാതരോഗങ്ങളുമുൾപ്പടെ ഒട്ടുമിക്ക അസുഖങ്ങൾക്കും ചികിത്സ ലഭ്യമാകുന്നതിനാൽ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നായി നിരവധിപേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്.

1970 മാർച്ച് 31നാണ് തേവലക്കരയിൽ സിദ്ധ ചികിത്സാ കേന്ദ്രം ആരംഭിച്ചത്. തുടക്കത്തിൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ആശുപത്രി ഏതാനുംവർഷം മുമ്പാണ് പാലയ്ക്കൽ വാർഡ് കേന്ദ്രീകരിച്ച് സ്വന്തം കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയത്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ആശുപത്രിയുടെ പ്രവർത്തന സമയം. കൊവിഡിന് മുമ്പുവരെ നിത്യേന നൂറിലധികം പേർ ചികിത്സ തേടിയെത്തിയിരുന്ന ഇവിടെ കൊവിഡ് നിയന്ത്രണങ്ങളുണ്ടെങ്കിലും ഇപ്പോഴും അമ്പതിലധികം പേർ ദിവസവും ഓ.പികളിലെത്തുന്നുണ്ട്.

മെഡിക്കൽ ഓഫീസറും ഫാർമസിസ്റ്റും അറ്റൻഡറും പാർട്ട് ടൈം സ്വീപ്പറുമുൾപ്പെടെ നാല് സ്ഥിരം ജീവനക്കാരും നാഷണൽ ആയുഷ് മിഷന്റെ ഒരു ഡോക്ടറും അറ്റൻഡറുമാണ് ആശുപത്രി ജീവനക്കാരായുള്ളത്. രണ്ട് രൂപ ഓ.പി ടിക്കറ്റ് ഫീസായി ഈടാക്കുന്നതല്ലാതെ പരിശോധനയ്ക്കോ മരുന്നിനോ രോഗികൾക്ക് പണച്ചിലവുണ്ടാകുന്നില്ലെന്നതാണ് ഇവിടുത്തെ നേട്ടം.തേവലക്കര ഗ്രാമപഞ്ചായത്തിന്റെ പൂർണസഹകരണം ആശുപത്രിയുടെ പ്രവർത്തനത്തിനുണ്ടെങ്കിലും കിടത്തി ചികിത്സയുൾപ്പടെ കൂടുതൽ സൗകര്യങ്ങളോടെ ഡിസ്പൻസറിയെ അപ്ഗ്രേഡ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സ്കൂൾ കുട്ടികൾക്കും സേവനം

നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥിനികൾക്ക് അനീമിയ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ചികിത്സ നൽകുന്നതിനായി കന്യാജ്യോതിയെന്ന പദ്ധതിയും സിദ്ധ ഡിസ്പൻസറിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്നുണ്ട്. ചവറ കൊറ്റൻകുളങ്ങര, അയ്യൻകോയിക്കൽ സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. സിദ്ധ ചികിത്സയുടെ പ്രാധാന്യം കണക്കിലെടുത്ത് തെക്കുംഭാഗം, കല്ലുവാതുക്കൽ, കൊട്ടാരക്കര എന്നിവിടങ്ങളിൽ നാഷണൽ ഹെൽത്ത് മിഷന്റെ നേതൃത്വത്തിലും സിദ്ധ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്.

#അരനൂറ്രാണ്ട് പഴക്കമുള്ള തേവലക്കരയിലെ ഗവ.സിദ്ധ ഡിസ്പൻസറിയെ കിടത്തി ചികിത്സ ഉൾപ്പെടെ കൂടുതൽ സംവിധാനങ്ങളുള്ള ആശുപത്രിയാക്കി ഉയ‌ർത്തണം- അൻസാർ, തേവലക്കര.

# തേവലക്കരയിലെ സിദ്ധ ഡിസ്പൻസറിയിൽ ധാരാളം പേരാണ് ചികിത്സ തേടിയെത്തുന്നത്.. ഇവ‌ർക്കാവശ്യമായ സൗകര്യങ്ങൾ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുണ്ട്.ഡിസ്പൻസറിയെ അപ്ഗ്രേഡ് ചെയ്യാനാവശ്യമായ ശ്രമം നടത്തും.

എം.. ഇസ്മയിൽ കുഞ്ഞ് , പഞ്ചായത്തംഗം, പാലയ്ക്കൽ സൗത്ത്