vazha
കടശ്ശേരി മേഖലയിൽ ഒടിഞ്ഞ കുലച്ച വാഴകൾ

പത്തനാപുരം: ശക്തമായ കാറ്രും മഴയും ഓരോ കർഷകന്റേയും പ്രതീക്ഷകളെ മങ്ങലേൽപ്പിച്ചിരിക്കുകയാണ്. പിറവന്തൂർ പഞ്ചായത്തിലെ പുന്നല, കടശ്ശേരി, കറവൂർ, തോകോട് മേഖലകളിലാണ് കൃഷി നാശം ഉണ്ടായത്. വാഴ, മരച്ചീനി, വെറ്റില,ചേന,പയർ, പടവലം തുടങ്ങിയ കാർഷിക വിളകളെല്ലാം നശിച്ചു. പലരും ഭൂമി പാട്ടത്തിനെടുത്തും കൂട്ടായ കൃഷി നടത്തിയും ഭാവി സ്വപ്നങ്ങൾ നെയ്തുകൂട്ടിയതാണ്.എന്നാലിപ്പോൾ ലക്ഷങ്ങളുടെ നഷ്ടം മാത്രമാണ് ബാക്കി. ഓണത്തിന് വിളവെടുപ്പിന് പാകമാകുന്ന വിധത്തിലുണ്ടായിരുന്ന നൂറ് കണക്കിന് ഏത്തവാഴകളാണ് നിലംപരിശായത്.

കർഷകന് ഇരുട്ടടി

പന്നി, കുരങ്ങ് തുടങ്ങി കാട്ടുമൃഗങ്ങളുടെ ശല്യം ഒഴിവാക്കുന്നതിന് ചുറ്റു വേലി നിർമ്മിക്കുന്നതിനും മിക്കവർക്കും നല്ല തുക ചിലവഴിക്കേണ്ടി വന്നു. സ്വന്തം അധ്വാനത്തിനപ്പുറം തൊഴിലാളികളെ ഉപയോഗിച്ചും കൃഷി നടത്തിയവരാണ് അധികവും.തൊഴിൽ കൂലിവർദ്ധനവും വളത്തിന്റെയും വിത്തിന്റെയും വില വർദ്ധനയും കർഷകരെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലാണ് ഇരുട്ടടിയെന്നോണം കർഷകരെ കണ്ണീരിലാഴ്ത്തി പ്രകൃതിയുടെ താണ്ഡവം.

സഹായമില്ല

കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് പറയുമ്പോഴും സഹായങ്ങൾ ലഭിക്കുന്നില്ലന്നും കർഷകർക്ക് ആക്ഷേപമുണ്ട്. പത്തനാപുരം,പട്ടാഴി,വിളക്കുടി,തലവൂർ തുടങ്ങി പഞ്ചായത്തുകളിലും ശക്തമായ കാറ്റിലും വെള്ളപ്പൊക്കത്തിലും ലക്ഷങ്ങളുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ട്.പ്രകൃതിക്ഷോഭത്തിലും വന്യമൃഗശല്യത്തിലും കൃഷിയിൽ നഷ്ടം സംഭവിക്കുന്നത് മിക്കവരും കൃഷിയിൽ നിന്ന് പിൻതിരിയുന്നതിന് കാരണമാകുന്നു.കർഷകർക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിഹാരം കാണുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.


നഷ്ടങ്ങളുടെ കണക്കുകൾ നിരത്തി കാർഷിക മേഖലയിൽ നിന്നും പിൻതിരിയുന്ന കർഷകരെ പ്രോത്സാഹിപ്പിക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കണം .

ചേത്തടി ശശി (കർഷകൻ.പൊതുപ്രവർത്തകൻ)


മഴകെടുതികളിലും വന്യമൃഗശല്യത്തിലും നാശനഷ്ടം ഉണ്ടാകുന്ന കർഷകർക്ക് നഷ്ടപരിഹാരം നല്കാൻ അധികൃതർ തയ്യാറാകണം.
ഉല്ലാസ് പുന്നല
കോൺഗ്രസ് പുന്നല മണ്ഡലം പ്രസിഡന്റ്)