തഴവ: തുടർച്ചയായി പെയ്യുന്ന ശക്തമായ മഴ തഴവ,​ പാവുമ്പ മേഖലയിലെ ഗ്രാമവാസികളെ ദുരിതത്തിലാക്കി.

പ്രദേശത്തെ വട്ടക്കായൽ, പള്ളിക്കലാർ എന്നിവ കരകവിഞ്ഞതോടെ ഇവയുടെ ഇരുവശവുമുള്ള കുടുംബങ്ങൾ വീട് ഉപേക്ഷിച്ച് പോകേണ്ട അവസ്ഥയിലാണ് .ദിവസങ്ങൾക്ക് മുൻപ് തന്നെ കരകവിഞ്ഞ് തുടങ്ങിയ പള്ളിക്കലാറിലെ ജലനിരപ്പ് വർദ്ധിച്ച് വരുന്നത് സമീപവാസികളെ ആശങ്കയിലാക്കുകയാണ്.

കൊവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ക്യാമ്പുകൾ തുറക്കുന്നതിന് അധികൃതരും ക്യാമ്പുകളിലേക്ക് പോകുന്നതിന് ഗ്രാമവാസികളും മടിക്കുകയാണ്.

സമീപത്തെ ഉയർന്ന പ്രദേശങ്ങളിലെ കെട്ടിടങ്ങൾ, ബന്ധുവീടുകൾ എന്നിവടങ്ങളിലാണ് ഇപ്പോൾ ദുരിത ബാധിതർ അഭയം കണ്ടെത്തിയിരിക്കുന്നത്. അതു കൊണ്ട് തന്നെ വീട് ഉപേക്ഷിച്ച് പോകേണ്ടി വന്നവരുടെ ഔദ്യോഗിക കണക്ക് പോലും ലഭിക്കാത്ത സ്ഥിതിയാണ്. ക്ഷീര കർഷകരാണ് ഏറെ ദുരിതത്തിലായത്. പശുക്കളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനും ഇവയെ പരിപാലിക്കുന്നതിനും കർഷകർ ഏറെ ബുദ്ധിമുട്ടുകയാണ്.

ബന്ധുവീടുകളില്ലാത്ത നിർദ്ധന കുടുംബങ്ങൾ മലിനജലത്തിന് നടുവിൽ തന്നെ കഴിച്ചുകൂട്ടുകയാണ്.

കുലശേഖരപുരം കോട്ടയ്ക്കുപുറം മേഖലയിലും മഴജനജീവിതത്തെ ബാധിച്ചു തുടങ്ങി.ഇതിനാലകം ഏഴോളം കുടുംബങ്ങളാണ് വീട് ഉപേക്ഷിച്ച് ബന്ധുവീടുകളിലേക്ക് മാറിയത്.