meen

 നാട്ടിലാകെ കൊള്ളക്കച്ചവടം

കൊല്ലം: കൊവിഡ് നിയന്ത്രണങ്ങളും മത്സ്യബന്ധന നിരോധനവും മുതലെടുത്ത് ജില്ലയിലെ ഉണക്കമീൻ വിപണയിൽ കൊള്ളക്കച്ചവടം. ഒരു കിലോ ഉണക്കമീനിന് 1,500 രൂപയിലേറെയാണ് ഈടാക്കുന്നത്. പച്ചമീൻ ലഭ്യത ഇല്ലാതായതും ആവശ്യക്കാരേറിയതുമാണ് വില നാലിരട്ടിയോളം ഉയരാൻ കാരണം.

കൊവിഡിന് മുൻപ് ഉണക്കി സൂക്ഷിച്ചിരുന്ന മുഴുവൻ മത്സ്യവും ഇതിനകം വിറ്റുപോയി. ഇപ്പോൾ തമിഴ്നാട്, കർണാടക, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നാണ് ഉണക്കമത്സ്യം എത്തിക്കുന്നത്.

ലൂസായും ചെറിയ പായ്ക്കറ്റിലാക്കിയാണ് വിൽപ്പന. കൊല്ലത്തും ശക്തികുളങ്ങരയിലും കരുനാഗപ്പള്ളിയിലുമാണ് എജന്റുമാർ മീൻ എത്തിക്കുന്നത്. ഇവിടെ നിന്നാണ് ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. കീറി ഉണക്കിയ കോരയ്ക്ക് 100 ഗ്രാമിന് 150 രൂപയാണ് ഈടാക്കുന്നത്.

കവറിലിട്ടും കള്ളക്കച്ചവടം

കവറുകളിലിട്ടുള്ള ഉണക്കമീൻ കച്ചവടവും സാധാരണക്കാന് താങ്ങാനാകുന്നില്ല. ചെറിയ നാല് ഉണക്ക കുറിച്ചിക്ക് 20 രൂപയാണ് വില. പച്ചമീനുള്ളപ്പോൾ ഒരു പലക നിറയെ അൻപത് രൂപയ്ക്ക് വിൽക്കുന്ന ചെറിയ മീനാണിത്. നെത്തോലി ഉണക്കിയത് 100 ഗ്രാമിന് 200 രൂപയാണ് വാങ്ങുന്നത്. ഉലുവ മീനും അയലയ്ക്കുമൊക്കെ തോന്നിയ വിലയാണ്. 250 ഗ്രാമിൽ കുറച്ച് വിൽപനയുമില്ല.

വില ഉയരാൻ കാരണം

1. ഉണക്കമീന് നിശ്ചിത വിലയില്ല

2. ഭക്ഷ്യ സുരക്ഷാ പരിശോധനയും ഇല്ല

3. മൊത്ത ഏജന്റുമാർ ഈടാക്കുന്നത് കൂടിയവില

4. വലിയ ഡിമാന്റ് വിൽപ്പനക്കാരും മുതലാക്കും

5. കച്ചവടക്കാർ വാങ്ങുന്നത് തോന്നിയപോലെ

വില (അര കിലോഗ്രാം)


മത്തി: 600
നന്തൽ: 500
നെത്തോലി:1,000
അയല: 750
ചൂര: 800
കോര: 750
ചാള: 700
ഉലുവ: 800
കുറുച്ചി: 500
പൊടിമീൻ: 700
ചെറിയ അയല: 650
താടയും കുറ്റാലും: 650


''

വലിയ വിലയ്ക്കാണ് ഉണക്കമീൻ ലഭിക്കുന്നത്. ഇതാണ് വിലയേറാൻ കാരണം. ചെറിയ ലാഭമാണ് കിട്ടുന്നത്.

ഷബീൽ, വ്യാപാരി


''

കൊല്ലത്ത് മീൻ കിട്ടാനില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നാണ് കൊണ്ടുവരുന്നത്. ഇതാണ് വില കൂടാൻ കാരണം.

നെൽസൻ, ഉണക്കമീൻ വിൽപ്പന ഏജന്റ്