munroe

മൺറോത്തുരുത്ത്: മൺരോത്തുരുത്തിലെ ആറ് വാർഡുകളിലെ എഴുന്നൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച് പട്ടംതുരുത്ത് പമ്പ് കേടായിട്ട് മൂന്ന് ദിവസം പിന്നിടുന്നു. കനത്ത മഴയ്ക്കിടയിലും ഇവിടങ്ങളിലുള്ളവർ കിലോമീറ്ററുകളോളം നടന്ന് തലച്ചുമടായാണ് വെള്ളം കൊണ്ടുവരുന്നത്.

പട്ടംതുരുത്ത് ഈസ്റ്റ്, വെസ്റ്റ്, പേഴുംതുരുത്ത്, നെന്മേനി തെക്ക്, കണ്ട്രാംകാണി, നെന്മേനി വാർഡുകളിലാണ് കുടിവെള്ള വിതരണം തടസപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് അറ്റുകുറ്റപ്പണി നടത്തിയ പമ്പാണ് മൂന്ന് ദിവസം മുമ്പ് വീണ്ടും കേടായത്.

പമ്പുകളുടെ തകരാർ പൂർണമായും പരിഹരിക്കാതെ പുനസ്ഥാപിക്കുന്നത് കൊണ്ടാണ് ഇടയ്ക്കിടെ കേടാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. സ്വകാര്യ ഏജൻസിക്കാണ് പമ്പുകളുടെ അറ്റകുറ്റപ്പണിയുടെ കരാർ.

 പതിവ് സംഭവം

പഞ്ചായത്തിലെ കുഴൽക്കിണറുകളോട് അനുബന്ധിച്ചുള്ള പമ്പുകൾ കേടാകുന്നത് പതിവ് സംഭവമാണ്. പമ്പ് ഓപ്പറേറ്റർമാരുടെ അശ്രദ്ധയാണ് ഇതിന് കാരണമെന്ന് പറഞ്ഞ് ജല അതോറിറ്റി രണ്ട് മാസം മുമ്പ് ഓപ്പറേറ്റർമാരെ സ്ഥലം മാറ്റിയിരുന്നു. എന്നിട്ടും പമ്പുകൾ നിരന്തരം കേടാകുകയാണ്.