ജില്ലയിൽ വ്യാപക നാശം, വെള്ളക്കെട്ട്
കൊല്ലം: ഇന്നലെ പകൽ പെരുമഴ മാറി നിന്നെങ്കിലും ആശങ്കയുടെ കാർമേഘം ഇനിയും പെയ്തൊഴിഞ്ഞിട്ടില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇന്നലെ 21 വീടുകൾ തകർന്ന് 7.7 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. അഞ്ച് ദിവസത്തിനിടെ ജില്ലയിൽ തകർന്നടിഞ്ഞത് 309 വീടുകളാണ്. ഭാഗികമായും പൂർണമായും തകർന്ന വീടുകളുടെ നഷ്ടം രണ്ട് കോടിയോളം വരും.
ഇത്തിക്കരയാറും പള്ളിക്കലാറും കരകവിഞ്ഞൊഴുകിയതിന്റെ ദുരിതം മാറിയിട്ടില്ല. ആദിച്ചനല്ലൂർ മൈലക്കാട്ട് ഇത്തിക്കരയാർ വീടികളിലേക്ക് ഇരച്ച് കയറിയതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടിയവർക്ക് തിരികെ വീടുകളിലേക്ക് എത്താനായിട്ടില്ല. കരുനാഗപ്പള്ളി, ക്ലാപ്പന, കുലശേഖരപുരം, ആലപ്പാട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടയിലാണ്. കരുനാഗപ്പള്ളിയിൽ തുറന്ന രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലും കൂടുതൽ കുടുംബങ്ങൾ അഭയം തേടി. ക്യാമ്പിലേക്ക് മാറുന്നത് ഭയക്കുന്ന പലരും ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള ബന്ധുവീടുകളിലേക്ക് മാറി.
ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറിയിലേക്ക് കരകവിഞ്ഞൊഴുകിയ പള്ളിക്കലാർ ശൂരനാട്ടെ ഹെക്ടർ കണക്കിന് നെൽപ്പാടങ്ങളും നിരവധി വീടുകളും വെള്ളത്തിനടിയിലാക്കി. കുടുംബങ്ങൾ ബന്ധുവീടുകളിൽ അഭയം തേടി. വെള്ളം വലിഞ്ഞില്ലെങ്കിൽ ശൂരനാട്ടെയും പോരുവഴിയിലെയും ലക്ഷങ്ങളുടെ നെൽകൃഷി വീണ്ടെടുക്കാനാകാത്ത വിധം നശിക്കും. പെരുമഴയിൽ പാടശേഖരങ്ങൾ മിക്കതും മുങ്ങുന്നതിന് മുമ്പേ തന്നെ 3.7 കോടിയുടെ നഷ്ടം കർഷകർ നേരിട്ടിരുന്നു.
കൃഷിയിടങ്ങൾ മിക്കതും വെള്ളത്തിലായതോടെ നഷ്ടത്തിന്റെ തോത് അഞ്ച് കോടിക്ക് മുകളിലേക്ക് ഉയരും. ഓണ വിപണിയിലേക്ക് വിളവെടുക്കാൻ നിറുത്തിയിരുന്ന 35,000 ത്തിലേറെ കുലച്ച നേന്ത്രവാഴകളാണ് ഒടിഞ്ഞുവീണത്. വാഴ, നെൽ, മരച്ചീനി, കിഴങ്ങ് വർഗങ്ങൾ, വെറ്റക്കൊടി, റബർ , പച്ചക്കറി എന്നിവ കൃഷി ചെയ്തിരുന്ന ജില്ലയിലെ നാലായിരത്തോളം കർഷകർക്ക് നഷ്ടം നേരിട്ടുവെന്നാണ് പ്രാഥമിക കണക്ക്.
5 ദിവസം
തകർന്ന വീടുകൾ: 309
നഷ്ടം: 2 കോടി
ഒടിഞ്ഞുവീണ നേന്ത്രവാഴകൾ: 35,000
കൃഷി നഷ്ടം: 5 കോടി
പരപ്പാർ അണക്കെട്ടിൽ
ജലനിരപ്പ് ഉയർന്നു
തെന്മല പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് 104.72 മീറ്ററായി ഉയർന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ ലഭിച്ചിരുന്നു. അഞ്ച് ദിവസം മുമ്പ് നൂറ് മീറ്ററിൽ താഴെയായിരുന്നു ജലനിരപ്പ്.
മീൻ തേടി യുവാക്കൾ
ജലനിരപ്പ് ഉയർന്ന കല്ലടയാർ, പള്ളിക്കലാർ, അച്ചൻകോവിലാർ, ഇത്തിക്കരയാർ എന്നിവിടങ്ങളിൽ കുത്തൊഴുക്കിൽ മീനെ തേടി ചൂണ്ടയും വലയുമായി യുവാക്കളുടെ സംഘം സജീവമായി. ഇതിന് പുറമെ തോടുകൾ, ജലാശയങ്ങൾ എന്നിവിടങ്ങളിലും ചൂണ്ടക്കാർ കൂടി. ജലനിരപ്പ് ഉയരുമ്പോൾ സാഹസത്തിന് നിൽക്കരുതെന്നാണ് പൊലീസ് മുന്നറിയിപ്പ്.
കൺട്രോൾ റൂമുകൾ
കളക്‌ടറേറ്റ്: 0474 2794002, 2794004
കൊല്ലം താലൂക്ക് ഓഫീസ്: 0474 2742116
കരുനാഗപ്പള്ളി: 0476 2620223
കൊട്ടാരക്കര: 0474 2454623
കുന്നത്തൂർ: 0476 2830345
പത്തനാപുരം: 0475 2350090
പൂനലൂർ: 0475 2222605