surve
തെന്മല, ഇടമൺ, ആര്യങ്കാവ്, കുളത്തൂപ്പുഴ വില്ലേജിലെ കൈവശ ക്കാരായ കർഷകരുടെ ഭൂമിക്കു പട്ടയം നൽകുന്നതിൻ്റെ മുന്നോടിയായി അണ്ടൂർ പച്ചയിൽ ഉദ്യോഗസ്ഥർ സർവ്വേ നടത്തുന്നു.

പുനലൂർ: അര നൂറ്റാണ്ടിലധികമായി മലയോര കർഷകർ കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് പട്ടയം നൽകുന്നു.തെന്മല ഇടമൺ, ആര്യങ്കാവ്, കുളത്തൂപ്പുഴ വില്ലേജുകളിലെ അയ്യായിരത്തോളം വരുന്ന കർഷക കുടുംബങ്ങളുടെ ഭൂമിക്കാണ് പട്ടയം നൽകുന്നത്. ഇതിന്റെ മുന്നോടിയായുള്ള സർവേ നടപടികൾ ഇന്നലെ ഇടമൺ വില്ലേജ് അതിർത്തിയിൽ ആരംഭിച്ചു. 1992 ൽ ഫോറസ്റ്റ് റെയിൽവേ, ഫോറസ്റ്റ്, റവന്യൂ സ്ഥലങ്ങളിലോട് ചേർന്ന കിടക്കുന്ന താമസക്കാരുടെ ഭൂമിക്കാണ് പട്ടയം നൽകുന്നത്. 1992-ൽ ജോയിന്റ് വെരിഫിക്കേഷൻ കഴിഞ്ഞ് കൈവശമിരിക്കുന്ന കൃഷി ഭൂമിക്കാണ് പട്ടയം നൽകുന്നത്. ഇവരുടെ കൈവശമിരിക്കുന്ന ഭൂമിക്ക് പട്ടയം നൽകണമെന്നാവശുപ്പെട്ടു കർഷകർ സ്ഥലം എം. എൽ .എ യായ മന്ത്രി കെ.രാജുവിനെ നേരിൽ കണ്ടു അപേക്ഷ നൽകിയിരുന്നു. ഇത് കണക്കിലെടുത്ത് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനുമായി മന്ത്രി രാജു നടത്തിയ ചർച്ചയെ തുടർന്നാണ് അയ്യായിരത്തോളം അപേക്ഷകരുടെ കൈവശഭൂമിക്ക് പട്ടയം നൽകാൻ തീരുമാനിച്ചത്. തുടർന്ന് കൈവശക്കാരുടെ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ മന്ത്രി കെ.രാജു റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഇത് കണക്കിലെടുത്ത് താലൂക്ക് സർവേ വിഭാഗം ഉദ്യോഗസ്ഥരായ അജിത് കുമാർ ,ജയകുമാർ, പത്മകുമാർ, മുരളി, അജിത് ലാൽ തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സർവേ നടപടികൾ ആരംഭിച്ചത്.