fire
കാക്കയുടെ ചിറകിൽ കുരുങ്ങിക്കിടന്ന നൂല് ഫയർഫോഴ്സ് സംഘം നീക്കം ചെയ്യുന്നു

കൊട്ടിയം: പട്ടം നൂലിൽ കുരുങ്ങി പറക്കാൻ കഴിയാതെ കിടന്ന കാക്കയെ ഫയർഫോഴ്സ് സംഘമെത്തി രക്ഷപ്പെടുത്തി. വടക്കേവിള യൂനുസ് കോളേജിന് സമീപം ശാന്തി നഗറിലായിരുന്നു സംഭവം. ഇവിടെയുള്ള ഒരു വീടിന് മുകളിൽ വളരെ ഉയരത്തിലായാണ് കാക്ക കുരുങ്ങി കിടന്നത്.

ഇന്നലെ വൈകിട്ട് നാലരയോടെ ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഫയർ ഫോഴ്സിനെ വിവരമറിയിച്ചത്. കടപ്പാക്കടയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് കാക്കയെ രക്ഷപെടുത്തിയത്.

ഫയർമാൻമാരായ മാർക്കോസ്, അഭിജിത്ത് എന്നിവർ ലാഡറിലൂടെ കയറി കാക്കയെ താഴെയെത്തിച്ചു. ഇതിനിടെ കാക്കക്കൂട്ടങ്ങൾ കരച്ചിലോടെ എത്തിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. താഴെയെത്തിച്ച ശേഷം കാക്കയുടെ ചിറകുകളിൽ നിന്ന് നൂലുകൾ അഴിച്ചുമാറ്റിയ ശേഷം പറത്തി വിടുകയായിരുന്നു.

അസി. സ്റ്റേഷൻ ഓഫീസർ ലാൽ ജീവിന്റെയും ലീഡിംഗ് ഫയർമാൻ മുരളിയുടെയും നേതൃത്വത്തിൽ ഫയർമാൻമാരായ വിമൽ കുമാർ, ജിമ്മി, ഫയർ ഡ്രൈവർ ഷജീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.