ചാത്തന്നൂർ: കാലവർഷ പെയ്ത്തിൽ ചിറക്കരയിൽ മണ്ണിടിഞ്ഞും മരങ്ങൾ ഒടിഞ്ഞുവീണും വ്യാപകനാശം. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
ചിറക്കരത്താഴം ചരുവിളവീട്ടിൽ ശ്യാമളയുടെ വീടിന് മുകളിലേക്ക് പത്ത് മീറ്റർ ഉയരത്തിലുള്ള കുന്നിൽ നിന്ന് മണ്ണിടിഞ്ഞ് വൃക്ഷങ്ങളും മണ്ണും വീണു. കെട്ടിടത്തിന് കാര്യമായ നാശനഷ്ടമോ ആളപായമോ ഇല്ലെങ്കിലും വെള്ളംകയറി വീട്ടുപകരണങ്ങൾ നശിച്ചു. വീണ്ടും മണ്ണിടിഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചു.
കാരംകോട് കണ്ണേറ്റ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം വത്സല മന്ദിരത്തിൽ ബിജുമോന്റെ വീടിന്റെ അടുക്കളഭാഗം പൂർണമായും ഇടിഞ്ഞുവീണു. സംഭവസമയം വീട്ടിൽ കൊച്ചുകുട്ടികൾ അടക്കം ഉണ്ടായിരുന്നുവെങ്കിലും ശബ്ദം കേട്ട് ഓടിമാറിയതിനാൽ അപകടം ഒഴിവായി. അപകടഭീഷണി നിലനിൽക്കുന്നതിനാൽ ബിജുമോനും കുടുംബവും സഹോദരിയുടെ വീട്ടിലേക്ക് മാറി. പോളച്ചിറ ശശി മന്ദിരത്തിൽ ശശിധരന്റെ കടയും വീടും ഭാഗികമായി വെള്ളത്തിലായി. കനത്ത മഴ തുടരുന്നതിനാൽ കൃഷിക്കാർ, കൂലിപ്പണിക്കാർ ഉൾപ്പെടെയുള്ള ജനങ്ങൾ ആശങ്കയിലാണ്.
അത്യാവശ്യ ഘട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിക്കുന്നതിനായി ഉളിയനാട് ഗവ. ഹൈസ്കൂളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തി
ടി.ആർ. ദീപു, പഞ്ചായത്ത് പ്രസിഡന്റ്
ജ്യോതിഷ് കുമാർ, ചിറക്കര വില്ലേജ് ഓഫീസർ